തിരുവനന്തപുരം: കളിയിക്കവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ കോടതി വിധി ഇന്ന്. നാഗർകോവിൽ ജില്ല സെഷൻസ് കോടതിയാണ് വിധി പറയുക. കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്നലെ വാദം കേട്ടിരുന്നു. 28 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ്  പ്രോസിക്യൂഷന്റെ വാദം. പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്. ഗൂഢാലോചനയെ കുറിച്ചും സഹായം നൽകിയവരെ കുറിച്ചുമുള്ള വിവരങ്ങളാകും ചോദിച്ചറിയുക. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.