മലപ്പുറം: യാത്രക്കിടെ കല്ലട ബസിലെ ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോൺസൻ ജോസഫിന്‍റെ ജാമ്യഹർജി കോടതി തള്ളി. പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേഷ തള്ളിയത്.

മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസില്‍ യാത്ര ചെയ്യുന്നതിനിടെ പീഡന ശ്രമം ഉണ്ടായെന്നാണ് യുവതി പരാതി നല്‍കിയത്. പുലര്‍ച്ചെ 1.30 ഓടെ ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വയ്ക്കുകയായിരുന്നു. ബസ്സിലെ രണ്ടാം ഡ്രൈവറായ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ ജോസഫ് ആണ് കേസില്‍ അറസ്റ്റിലായത്. 

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബസിലെ മറ്റ് ജീവനക്കാർ, കഴിയാവുന്നത്ര സഹയാത്രികർ എന്നിവരിൽ നിന്ന് മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. അതിന് ശേഷമായിരിക്കും കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. പ്രതി ജോൺസൻ ജോസഫിനെ ഇപ്പോള്‍ റിമാന്‍റിലാണ്.