കൊച്ചി: കനകമല ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചു. ഒന്നാംപ്രതി തലശ്ശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. കനകമല കേസിലെ പ്രതികൾ ഐഎസ്‍ഐ എസിൽ ചേർന്ന് പ്രവർത്തിക്കുവാൻ പദ്ധതി ഇട്ടിരുന്നതായി കോടതി കണ്ടെത്തി. ഒന്നാം പ്രതി മൻസീദ് ആണ് കുറ്റകൃത്യങ്ങളുടെ ബുദ്ധികേന്ദ്രമെന്ന് കോടതി വിലയിരുത്തി. രണ്ടാം പ്രതി ബോംബ് ഉണ്ടാക്കാനും സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം വ്യത്യസ്ഥമാണെന്ന് കോടതി വ്യക്തമാക്കി. 

മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി കുറ്റ്യാടി സ്വദേശി റംഷാദിന് മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. വിചാരണക്കാലയളവിൽ തടവിൽ കഴിഞ്ഞത് ശിക്ഷയായി കണക്കാക്കിയതിനാൽ ഇയാൾക്ക് ഇന്ന് പുറത്തിറങ്ങാം. തിരൂര്‍ സ്വദേശിയും അഞ്ചാം പ്രതിയുമായ സഫ്വാൻ എട്ട് വര്‍ഷം തടവും 5000 രൂപ പിഴയും ഒടുക്കണം. എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം തടവും 50000 രൂപ പിഴയുമാണ്  ശിക്ഷ. എഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു. ആറാം പ്രതി എം കെ  ജാസിമിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ  കോടതി നേരത്തെ  വെറുതെ വിട്ടു. 

തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല.  പ്രതികളുടെ ഐഎസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു അതിനാൽ രാജ്യദ്രോഹ കുറ്റം നില നിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കുറ്റക്കാരായ പ്രതികൾ തീവ്രവാദ സംഘം ആണെന്ന്  നിരീക്ഷിച്ച കോടതി ഇവർ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതെയും കണ്ടെത്തി. 2016 ഇൽ കനകമലയിൽ നടന്ന യോഗത്തിൽ കേരളത്തിൽ വിവിധ ഭാഗത്ത്‌ സ്ഫോടനം നടത്താനും ജഡ്ജിമാർ അടക്കം ഉള്ളവരെ വധിക്കാനും പ്രതികൾ ഗൂഢാലോചന നടത്തി എന്നാണ് കേസ്.