തിരുവനനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ നേരിട്ട് ആക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് പക്ഷത്തെ എൽഡിഎഫിൽ വേണ്ട. സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും ജോസ് പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് കാനം പ്രതികരിച്ചു.

1965 ലെ ചരിത്രം ഓര്‍മ്മിപ്പിച്ച് ഒറ്റയ്ക്ക് നില്‍ക്കുന്നതിലെ പ്രശ്നം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചതിനോടും കാനം രാജേന്ദ്രൻ പ്രതികരിച്ചു. 1965 ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിച്ചു നോക്കണം.1965 ൽ ലീഗുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചതെന്നും കോടിയേരിക്ക് കാനം മറുപടി നല്‍കി. ജോസ് കെ മാണി വിഷയത്തില്‍ മുന്നണിക്കുള്ളിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനയാണ് സിപിഐ, സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ തമ്മിലെ ഈ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നത് വ്യക്തമാക്കുന്നത്. 

ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടല്ല സിപിഐ സ്വീകരിച്ചിട്ടുള്ളത്. അവശനിലയിലായവരുടെ വെന്‍റിേലേറ്ററല്ല ഇടതുമുന്നണിയെന്നായിരുന്നു ഇത് സമ്പന്ധിച്ച് കാനം രാജേന്ദ്രൻറെ ആദ്യ പ്രതികരണം. ജോസ് കെ മാണിയുമായുള്ള സഹകരണത്തെ എതിര്‍ത്ത് ജെഡിഎസ്സും രംഗത്തെത്തിയിട്ടുണ്ട്. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് പക്ഷവുമായി കൈകോർക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം

അതേ സമയം യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ കൈവിടാത്ത നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. എൽഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന് ജോസ് വിഭാഗത്തിനോട് സിപിഎം വ്യക്തമാക്കിയതായുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളളില്‍ പുറത്ത് വന്നിരുന്നു. 

കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്നും ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്നുമെന്നുമുള്ള ദേശാഭിമാനിയിലെ ലേഖനത്തിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ തുടക്കത്തില്‍ തന്നെ ജോസ് വിഭാഗത്തിന് അനുകൂല നിലപാടെന്ന സൂചന നൽകിയിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കോടിയേരി വിശദീകരിച്ചിട്ടുണ്ട്.