കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുള്‍ റഹ്മാന്‍ എന്ന ഔഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് കുടുബം. ലീഗിന് സ്വാധീനമുള്ള മേഖലകളിൽ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്നും തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ലീഗ് പ്രവർത്തകർ പലയിടത്തും പ്രകോപനം ഉണ്ടാക്കിയിരുന്നുവെന്നും ഔഫിന്റെ അമ്മാവൻ ഹുസൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുമ്പും പല വിഷയങ്ങളിലും ലീഗ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. ഔഫ് സുന്നി പ്രവർത്തകൻ കൂടിയാണ്. ഇതിന്റെ വൈരാഗ്യവും ലീഗ് പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും കുടുംബം ആവർത്തിച്ചു. 

ഇന്നലെ രാത്രിയാണ് കാ‌ഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാൻ(27) കൊല്ലപ്പെട്ടത്. കേസിൽ യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയും കണ്ടാലറിയുന്ന മറ്റ് രണ്ട് പേരെയും പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തലക്ക് പരിക്കേറ്റ ലീഗ് പ്രവർത്തകൻ ഇർഷാദ് നിലവിൽ ചികിത്സയിലാണ്. കണ്ണൂർ എസ്പി യതീഷ് ചന്ദ്ര സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. 

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് ലീഗ് നേതാവ് പ്രതി

തദ്ദേശതെരഞ്ഞെടുപ്പിൽ പ്രദേശത്തെ ലീഗിന്റെ രണ്ട് വാർഡുകൾ  എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. പിന്നാലെ പ്രദേശത്ത് ലീഗ്, ഡിവൈഎഫ്ഐ സംഘർഷവുമുണ്ടായി. ആക്രമണത്തിനും കൊലപാതകത്തിനും പിന്നിൽ മുസ്ലീംലീഗെന്ന് ആരോപിച്ച്  സിപിഎം രംഗത്തെത്തി. അതേസമയം, ആക്രമണവുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് മുസ്ലീംലീഗ് നിലപാട്. ഔഫിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔഫിൻറെ കൊവിഡ് ഫലം വന്ന ശേഷം ഉച്ചയോടെ പോസ്റ്റ്മോർട്ടമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.