കാസർകോട്: കാഞ്ഞങ്ങാട് കൊലപാതകത്തിൽ ഇർഷാദടക്കം 3 പേരെയാണ് തിരിച്ചറിഞ്ഞതെന്നും അക്രമി സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നെന്നും മുഖ്യ സാക്ഷി ഷുഹൈബ്. ആദ്യം ബൈക്കിലെത്തിയ തന്നെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമികൾ അടിച്ചു വീഴ്ത്തിയെന്നും പിന്നാലെയെത്തിയ അബ്ദുൾ റഹ്മാനെ (ഔഫ്) വണ്ടി തിരിക്കുന്നതിനിടെ കുത്തുകയായിരുന്നുവെന്നും ഷുഹൈബ് പറയുന്നു. 

ഇർഷാദടക്കം ഷുഹൈബ് തിരിച്ചറിഞ്ഞ 3 പേരെ പ്രതിച്ചേർത്താണ് കേസ്. മുഖത്തും കൈക്കും പരിക്കേറ്റ ഷുഹൈബ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രാഷ്ട്രീയ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് ഷുഹൈബ് പറയുന്നത്. ഇന്നലെ രാത്രിയാണ് കാസർകോട് കാഞ്ഞങ്ങാട്  പഴയ കടപ്പുറം സ്വദേശി ഔഫ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടത്. യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇർഷാദടക്കം 3 പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 

തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകം. ഇന്നലെ രാത്രി പത്തിനും പത്തരക്കുമിടെ കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ചാണ് ഔഫിന് നെഞ്ചിൽ കുത്തേറ്റത്. കേസിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദിൻ്റെ വീടിന് 200 മീറ്റർ അകലെയാണ് സംഭവം നടന്നത്. 

സംഘർഷത്തിൽ തലക്ക് പരിക്കേറ്റ് ഇർഷാദ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഔഫും സംഘവും ഇർഷാദിനെ ആക്രമിച്ചെന്നും തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ഔഫ് കൊലപ്പെട്ടതെന്നുമാണ് ലീഗ് പ്രാദേശിക നേതാക്കൾ പറയുന്നത്.