കണ്ണൂര്‍: കണ്ണൂരിൽ ബിജെപി സ്ഥാനാ‍ർത്ഥി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം നാട് വിട്ടതോടെ അങ്കലാപ്പിലായി നേതൃത്വം. മാലൂർ പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥിയാണ് വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരോടും അറിയിക്കാതെ കാസർകോടേക്ക് പോയത്.

ജില്ലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തി പ്രചാരണം നടത്തുന്നതിന്റെ ആവേശത്തിൽ നിൽക്കുമ്പോഴാണ് ഒരു വാർഡിലെ സ്ഥാനാർത്ഥിയെ കാണാനില്ലെന്ന വാർത്ത പരന്നത്. മാലൂർ പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥി കുടുംബ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്.

ആളെ കാണാതയതിനെ തുട‍ർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗൾഫിൽ നിന്നുമെത്തിയ കാമുകനൊപ്പം കാസർകോടേക്ക് പോയി എന്ന് മനസിലായത്. ഇതേ പഞ്ചായത്തിലെ 11 വാർഡിൽ ബിജെപി  സ്ഥാനാർത്ഥി കൂടിയാണ് ഇരുപത്തിമൂന്നുകാരിയുടെ ഭർത്താവ്. വാർത്ത നാട്ടിൽ പ്രചരിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ പ്രവർത്തകരും നേതാക്കളും അങ്കലാപ്പിലാണ്.

ബന്ധുക്കൾ കാസർകോട് എത്തി യുവതിയോടും കാമുകനോടൊപ്പം ചർച്ചകൾ നടത്തിയെങ്കിലും തിരിച്ചു വരില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് സ്ഥാനാർത്ഥി. യുവതിയുടെ അച്ഛൻ നൽകിയ പരാതിയിൽ പേരാവൂ‍ർ പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.