ജില്ലാ ഓഫീസ‍ർ പവിത്രൻ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധ സദനം സൂപ്രണ്ട് മോഹനനെയും സ്ഥലം മാറ്റാൻ തീരുമാനിച്ചതായി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കണ്ണൂർ: അഴീക്കോട് വൃദ്ധസദനത്തിലെ മേട്രൻ ജ്യോസ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജില്ലാ ഓഫീസ‍ർ പവിത്രൻ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധ സദനം സൂപ്രണ്ട് മോഹനനെയും സ്ഥലം മാറ്റാൻ തീരുമാനിച്ചതായി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മേട്രനെതിരായ പരാതി വ്യാജമായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേൽ നടപടി വേണോ എന്ന് തീരുമാനിക്കും.

അഴീക്കോട്ടെ സ‍ർക്കാർ വൃദ്ധ സദനത്തിലെ മേട്രനായിരുന്ന ജ്യോസ്ന ആത്മഹത്യ ചെയ്തതത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വൃദ്ധസദനത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു. ആത്മഹത്യയെക്കുറിച്ച് വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. 

'വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യക്ക് പിന്നിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം', ആരോപണവുമായി കുടുംബം

വൃദ്ധസദനത്തിലെ നേഴ്സ് നൽകിയ പരാതിയിൽ സസ്പെൻഷനിലായി നാല് ദിവസത്തിന് ശേഷമാണ് ജ്യോസ്ന ജീവനൊടുക്കിയത്. നഴ്സിനെക്കൊണ്ട് വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാൻ നിർബന്ധിച്ചു എന്നതായിരുന്നു പരാതി. വൃദ്ധ സദനത്തിലെ സൂപ്രണ്ടിനേയോ മറ്റ് മുതി‍ർന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെയായിരുന്നു താൽക്കാലിക ജീവനക്കാരിയായ നഴ്സ് പരാതി തിരുവന്തപുരത്തേക്ക് അയച്ചത്.

ആറാം തീയതി പരാതി അയച്ചതിന് പിന്നാലെ എട്ടാം തീയതി മേട്രനെ സസ്പന്റ് ചെയ്ത് അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബാ ജോർജ് ഐഎഎസ് ഉത്തരവിട്ടു. ജീവനക്കാരിയെ സ്വാധീനിച്ച് തിരുവനന്തപുരത്തേക്ക് പരാതി അയപ്പിച്ചത് സാമൂഹൂക നീതിവകുപ്പ് ജില്ലാ ഓഫീസർ പവിത്രൻ തൈക്കണ്ടിയാണെന്ന് ജ്യോസ്നയുടെ കുടുംബത്തിന്റെ ആരോപണം. 3 കൊല്ലം മുമ്പ് ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്നു പവിത്രൻ. അന്ന് ജ്യോസ്നയും പവിത്രനും തമ്മിൽ തർക്കം പതിവായിരുന്നു. ആ പ്രതികാരമാണ് മൂന്ന് വർഷമിപ്പുറം ജില്ലാ ഓഫീസറായി എത്തിയപ്പോൾ തീർത്തതെന്നാണ് ആരോപണം.