Asianet News MalayalamAsianet News Malayalam

വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, ഞെട്ടിക്കുന്ന വിവരം പൊലീസിന്

സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. 

kannur Vishnu priya murder case accused shyamjith planned one more murder
Author
First Published Oct 23, 2022, 11:52 AM IST

കണ്ണൂർ : കണ്ണൂർ പാനൂരിൽ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ വീട്ടിൽ കയറി കൊന്ന കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയിരുന്നതായി വിവരം. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. 

സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. ശ്യാംജിത്ത് എത്തുമ്പോൾ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നു. 

വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു. 

വീട്ടിൽ കയറി കഴുത്തറുത്ത് കൊലപാതകം 

അച്ഛന്റെ അമ്മയുടെ മരണാനന്ദര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടിലായിരുന്നു വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും. അനുജന് ജോലി ആവശ്യാർത്ഥം ഹൈദരാബാദിലേക്ക് പോകേണ്ടതിനാൽ രാവിലെ പത്ത് മണി വരെ വീട്ടിൽ സുഹൃത്തുക്കളും മറ്റുമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. മഞ്ഞ തൊപ്പിയും മാസ്കും ധരിച്ച ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. 

വിഷ്ണുപ്രിയയ്ക്ക് വന്ന ഫോൺ കോൾ പ്രതിയുടെ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇത് പരിശോധിച്ച് പ്രതിയുടെ ടവർ ലൊക്കേഷനും പൊലീസിന് കണ്ടു പിടിക്കാനായി. താൻ പൊലീസ് വലയത്തിലാണെന്നും രക്ഷയില്ലെന്നും മനസിലാക്കിയ പ്രതി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പ്രതി ശ്യാംജിത് കുറ്റം സമ്മതിച്ചു. ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. നേരത്തെ പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. 


 

Follow Us:
Download App:
  • android
  • ios