Asianet News MalayalamAsianet News Malayalam

കരമന ദുരൂഹമരണം; തനിക്കെതിരെ ഗൂഢാലോചനയെന്ന് കാര്യസ്ഥൻ രവീന്ദ്രൻ നായർ, മാനനഷ്ടക്കേസ് കൊടുക്കും

കുടുംബത്തിലെ ചിലരും പുറത്ത് നിന്നുളള ചിലരും ഗൂഢാലോചന നടത്തിയെന്നും അവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ആരോപണ വിധേയനായ രവീന്ദ്രൻ നായർ.

Karamana Death raveendran nair reaction
Author
Thiruvananthapuram, First Published Oct 26, 2019, 6:04 PM IST

തിരുവനന്തപുരം: കരമനയില്‍ കൂടത്തായി മാതൃകയിൽ ദുരൂഹമരണങ്ങൾ നടന്നെന്ന ആരോപണം നിഷേധിച്ച് കാര്യസ്ഥൻ രവീന്ദ്രൻ നായർ. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് കാര്യസ്ഥൻ രവീന്ദ്രൻ നായർ പ്രതികരിച്ചു. കുടുംബത്തിലെ ചിലരും പുറത്ത് നിന്നുളള ചിലരും ഗൂഢാലോചന നടത്തിയെന്നും അവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും രവീന്ദ്രൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരമനയിലെ ദുരൂഹ മരണങ്ങളിൽ ആരോപണ വിധേയനാണ് ഇയാൾ.

ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയില്ല. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോൾ സ്വത്തിന് വേണ്ടി മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും രവീന്ദ്രൻ നായർ പറഞ്ഞു. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസിൽ പ്രതിയാക്കാൻ നോക്കുന്നതെന്നും രവീന്ദ്രൻ നായർ ആരോപിച്ചു. ജയപ്രകാശ് മരിച്ചപ്പോൾ താനും ജയമാധവനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖമായി കിടക്കുന്ന കാര്യം അടുത്ത വീട്ടിൽ ഉള്ളവരെ അറിയിച്ചിരുന്നു. അതേസമയം, ജയമാധവൻ നായരെ കാണാൻ രാവിലെ എത്തിയപ്പോഴാണ് അയാൾ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും രവീന്ദ്രൻ നായർ കൂട്ടിച്ചേര്‍ത്തു.

കരമനയിലേത് കൂടത്തായി മോഡലോ?

കൂടത്തായി മാതൃകയിൽ തിരുവനന്തപുരം കരമനയിൽ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി കാര്യസ്ഥൻ സ്വത്ത് തട്ടിയതായാണ് പരാതി ഉയര്‍ന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ ഏഴ് പേർ മരിച്ചത്. ഗോപിനാഥൻ നായരും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരുമാണ് മരിച്ചത്. ഇവിടെ അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്.  കൂടം തറവാട്ടിലെ അംഗം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. 

20 വർഷം മുമ്പ് ഗോപിനാഥൻ നായരാണ് ആദ്യം മരിച്ചത്. ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ,  ഗോപിനാഥൻ നായരുടെ സഹോദരന്റെ മകൻ ഉണ്ണികൃഷ്ണൻ എന്നിവർ പിന്നീട് മരിച്ചു. ഇതോടെ ഗോപിനാഥന നായരുടെ ഇളയമകൻ ജയപ്രകാശും മറ്റൊരു സഹോദരന്റ മകൻ ജയമാധവനും മാത്രമായി വീട്ടിൽ. രണ്ടുപേരും അവിവാഹിതരാണ്. 2013 ൽ ജയപ്രകാശും 2017ൽ ജയമാധവനും മരിച്ചു. കട്ടിലിൽ നിന്ന് വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ജയമാധവന്‍റെ മരണത്തിന് പിന്നാലെ വ്യാജ വിൽപ്പത്രം ഉണ്ടാക്കി കാര്യസ്ഥൻ രവീന്ദ്രൻ നായർ സ്വത്ത് തട്ടിയെടുത്തുവെന്നാണ് ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരിയുടെ പരാതി. ഇതിന് സഹായിച്ച വീട്ടുജോലിക്കാരിയായ ലീലയ്ക്കും സ്വത്തിന്‍റെ ഒരു പങ്ക് കിട്ടിയെന്നും പരാതിയിലുണ്ട്. ജയമോഹനും ജയപ്രകാശും മാനസികരോഗികളായിരുന്നെന്നും ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രസന്ന കുമാരി ആരോപിക്കുന്നു. ഇവരുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നതെന്നും പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read More: 'മരിച്ചത് മാനസികരോഗികൾ, വകമാറ്റിയത് കോടികളുടെ സ്വത്ത്', കരമന ദുരൂഹ മരണങ്ങളിൽ പരാതിക്കാരി

Follow Us:
Download App:
  • android
  • ios