കരമന–കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ അടുത്ത ഘട്ടത്തിന് 102.4 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
തിരുവനന്തപുരം: വർഷങ്ങളായി നിർമാണം പുരോഗമിക്കുന്ന കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക് വരെയുള്ള അടുത്ത ഘട്ടത്തിന്റെ വികസത്തിനായി ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം അനുവദിച്ചു. സ്ഥലം ഏറ്റെടുപ്പിന് പണം ലഭിക്കാതെ കച്ചവടക്കാർ ഉൾപ്പടെ ഒഴിയാതിരുന്നതോടെ നിർമാണം പ്രതിസന്ധിയിലായിരുന്നു.
ഭൂ ഉടമകളുമായി ഉൾപ്പടെ നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് 102.4 കോടി ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 97.6 കോടി രൂപ അനുവദിച്ചിരുന്നു. കൊടിനട മുതൽ വഴിമുക്ക് വരെ ഒന്നര കിലോമീറ്റർ റോഡിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര വിതരണത്തിനാണ് തുക വിനിയോഗിക്കുന്നത്.
ഭൂമി ഏറ്റെടുക്കലിന് 160 കോടി രൂപയും, കെട്ടിടങ്ങൾക്ക് ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തിനായി 40 കോടി രൂപയുമാണ് നിശ്ചയിച്ചിരുന്നത്. ഇതിനാവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയാതായും ധന മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയതോടെ സ്ഥലം ഏറ്റെടുപ്പിലുണ്ടായ പ്രതിസന്ധി നീങ്ങുകയാണ്. കേരള റോഡ് ഫണ്ട് ബോർഡാണ് പദ്ധതി നിർവഹണ ഏജൻസി.
കൊടിനട മുതൽ വഴിമുക്ക് വരെ പാതാവികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 40 കോടി രൂപയുടെ പദ്ധതിയും കിഫ്‌ബി അംഗീകരിച്ചിട്ടുണ്ട്. അതേ സമയം, രണ്ടാം റീച്ചിലുൾപ്പെടുന്ന പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനട വരെയുള്ള 5.5 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ
പൂർത്തിയായി. നാലുവരി പാതയാക്കുന്നതിൻ്റെ ഭാഗമായാണ് രണ്ടാം ഘട്ടനിർമാണ പ്രവർത്തനങ്ങളാരംഭിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പൂർണമായി സർക്കാർ ചെലവിലാണ് നിർമാണം പൂർത്തിയാകുന്നത്..
റോഡ് വികസനത്തിൻ്റെ ഭാഗമായി പ്രാവച്ചമ്പലം മുതൽ കൊടി നടവരെയുള്ള റോഡിന്റെ ഇരുവശത്തെയും അതിർത്തി നിശ്ചയിച്ച് കല്ലുകൾ സ്ഥാപിച്ചു. തുടർന്ന് റോഡരികിലെ കാടും പടർപ്പും മാലിന്യങ്ങളും നീക്കം ചെയ്‌ത് റോഡ് നിരപ്പാക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. അവധി ദിവസങ്ങളിലും രാത്രിയും പകലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡിലെ സർക്കാർ സ്ഥാപനങ്ങൾ പൊളിച്ചുമാറ്റുന്നതോടെ നിർമാണം ത്വരിത ഗതിയിലാകുമെന്നാണ് പ്രതീക്ഷ. ഇടയ്ക്ക് ചെറിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും നിർമാണം തുടരുകയാണ്. വഴിമുക്ക് വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാകുന്നതോടെ അടുത്ത ഘട്ടം നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വൃത്തങ്ങൾ.