കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇല്ലാതാക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായി കോഴിക്കോട് എം.പി എംകെ രാഘവന്‍. ഇതിന്‍റെ ഭാഗമായാണ് ഹൈക്കോടതിയില്‍ കരിപ്പൂരിനെതിരെ ഒരാള്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും രാഘവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിമാന അപകടം മറയാക്കി കരിപ്പൂര്‍ വിമാനത്താവളത്തെ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 

വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് വിമാനത്താവളത്തിനെതിരെ പ്രചരിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ എഞ്ചിനീയേര്‍ഡ് മെറ്റീരിയല്‍സ് അറസ്റ്റിംഗ് സിസ്റ്റം അഥവാ ഇമാസ് സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഇന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി അടക്കമുള്ളവരെ അദ്ദേഹം സമീപിച്ചു. റണ്‍വേയുടെ അവസാന ഭാഗത്ത് സുരക്ഷയ്ക്കായി സ്ഥാപിക്കുന്ന സംവിധാനമാണ് ഇമാസ്.