Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചക്കേസ്: പെരുച്ചാഴി ആപ്പു അടക്കം 3 പേര്‍ അറസ്റ്റില്‍

സ്വര്‍ണക്കവര്‍ച്ച നടന്ന അന്ന് ആപ്പുവിന്റെ സംഘം കരിപ്പൂരില്‍ എത്തിയത് വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത് എന്ന് സൂചനയുണ്ട്. അര്‍ജ്ജുന്‍ ആയങ്കിയും സംഘവും വന്ന  വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു.
 

karipur gold robbery case: main accused peruchazhi aappu and other 2 arrested
Author
Kozhikode, First Published Aug 27, 2021, 1:56 PM IST

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. കൊടുവള്ളി  സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടുവള്ളി കിഴക്കോത്ത്  ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് (40), സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ  വാവാട് ബ്രദേഴ്‌സ്  ഗ്രൂപ്പ് തലവന്‍  റസൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍  ജസീര്‍ (31), ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ദില്ലിയിലെ രഹസ്യ സങ്കേതത്തിലേക്ക്  കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം (45)എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ.  അഷ്‌റഫിന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

karipur gold robbery case: main accused peruchazhi aappu and other 2 arrested

പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് , തെക്കേക്കണ്ണി പോയില്‍  ജസീര്‍, കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം 

പ്രതികള്‍ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന്  അന്വേഷണ സംഘം അവിടെ എത്തി. ഗോവന്‍ പോലീസിന്റെ സഹായത്തോടെ പിന്തുടര്‍ന്നെങ്കിലും കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ബല്‍ഗാമില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് രാവിലെയാണ് കൊണ്ടോട്ടിയില്‍ എത്തിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആപ്പുവിനും സംഘത്തിനും  എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകള്‍ എന്നിവ നിലവിലുണ്ട്. 

സ്വര്‍ണക്കവര്‍ച്ച നടന്ന അന്ന് ആപ്പുവിന്റെ സംഘം കരിപ്പൂരില്‍ എത്തിയത് വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത് എന്ന് സൂചനയുണ്ട്. അര്‍ജ്ജുന്‍ ആയങ്കിയും സംഘവും വന്ന  വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന്  പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.  ഒരേസമയം സ്വര്‍ണ്ണക്കടത്തുകാരനായും സ്വര്‍ണ്ണകവര്‍ച്ചക്കാരനായും ഹവാല പണമിടപാടുകാരനായും വിലസിയ ആപ്പുവിനെ പിടികൂടിയത് വലിയ  നേട്ടമായി പൊലീസ് കരുതുന്നു. 

ഇതോടെ ഈ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതല്‍  അന്വോഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ,് പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, വാഴക്കാട് എസ്.ഐ നൗഫല്‍, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍, പി.  സഞ്ജീവ്, എ.എസ്.ഐ. ബിജു, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ്.വി.കെ, രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ , സിപിഒമാരായ സതീഷ് നാഥ്,  അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍  എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios