ബെംഗളൂരു: റോഡ് മണ്ണിട്ടടച്ചതിന് പിന്നാലെ കണ്ണൂർ ‍കൂട്ടുപുഴ അതിർത്തിയിൽ കൂടുതൽ പ്രകോപനവുമായി കർണാടക. കേരളത്തിന്റെ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ മുറിച്ചിട്ട മരങ്ങൾ കർണാടക വനംവകുപ്പ് കടത്തി. മരം കടത്തുന്നത് തടയണമെന്ന ഇരിട്ടി തഹസിൽദാരുടെ നിർദ്ദേശം.

കൂട്ടുപുഴ മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ മുറിച്ചിട്ട മരങ്ങൾ കർണാടക വനംവകുപ്പ് ക്രെയിൻ ഉപയോഗിച്ചാണ് കടത്തിക്കൊണ്ടുപോയത്. നാല് മാസം മുമ്പ് വീട്ടിന് മുമ്പിലെ മരങ്ങൾ മുറിച്ചതിന് കർണാടക വനംവകുപ്പ് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കൂട്ടത്തിൽപ്പെട്ട മരത്തടികളാണ് കടത്തിക്കൊണ്ടുപോയത്. ഈ പ്രദേശം തങ്ങളുടെ വനഭൂമിയാണെന്നാണ് ക‍ർണാടകത്തി‍ന്റെ അവകാശവാദം. 

എന്നാൽ, ഇത് കേരളത്തിന്‍റെ സ്ഥലമാണെന്ന് റവന്യൂവകുപ്പ് ഉറപ്പിച്ച് പറയുന്നു. ദമ്പതികളെ അറസ്റ്റ് ചെയ്ത നടപടിയിൽ അന്തർസംസ്ഥാന പാത ഉപരോധിക്കുന്നതുൾപ്പെടെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാരിൽ കൂടുതൽ പ്രകോപനം ഉണ്ടാക്കുന്ന കർണാടക വനംവകുപ്പിന്‍റെ നടപടി തടയാൻ ഇരിട്ടി തഹസിൽദാർ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൂട്ടുപുഴ അതിർത്തി മണ്ണിട്ടടച്ചതിനാൽ കേരള പൊലീസിന് സമയത്ത് എത്താനായില്ല. പൊലീസ് നടന്ന് എത്തുമ്പോഴേക്കും മരം മുഴുവനും കടത്തി.

കേരളത്തിന്റെ ഭൂമിയിലെ മരം കടത്തിയ കർണാടക വനംവകുപ്പിനെതിരെ ഇരിട്ടി തഹസിൽദാർ ഇരിട്ടി പൊലീസിൽ പരാതി നൽകി. വിരാജ്പേട്ട കോടതിയിലുള്ള കേസിൽ ഡിഎഫ്ഒയുടെ ഉത്തരവ് പ്രകാരമാണ് മരങ്ങൾ കസ്റ്റഡിയിലെടുത്തതെന്നാണ് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.