കൊച്ചി: പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെഎംഎഫ്)നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ. എന്നാൽ, ആറരലക്ഷത്തിൽ താഴെ തുകമാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാർച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാൽ വ്യക്തമാക്കി.

2019 നവംബർ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ കൊച്ചിയിൽ നടത്തിയത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന സംഗീതനിശയിൽ പ്രശസ്തരായ എൺപതോളം കലാകാരന്മാർ പങ്കെടുത്തു. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് എല്ലാ കലാകാരന്മാരും കരുണയിൽ പങ്കടുത്തത്. 500, 1500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ.പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ സംഗീതനിശയിലൂടെ കിട്ടുന്ന മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നേരത്തേ അറിയിച്ചിരുന്നു. 

പരിപാടി കഴിഞ്ഞ് മൂന്നരമാസം പിന്നിടുമ്പോഴും തുക കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശരേഖ. ടിക്കറ്റ് വിറ്റതിലൂടെ ആറ് ലക്ഷത്തി നാൽപതിനായിരം രൂപയാണ് ലഭിച്ചതെന്നും ചെലവ്  കഴിച്ചുള്ള തുക അടുത്തമാസം 31നകം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും ബിജിപാൽ പ്രതികരിച്ചു.

*File Image