തിരുവനന്തപുരം: കാരുണ്യ ബനവലന്‍റ് ഫണ്ട് വഴിയുള്ള സൗജന്യ ചികില്‍സ അവസാനിച്ചു. വൃക്ക രോഗികൾക്കും പാലിയേറ്റിവ് രോഗികൾക്കും ഇത് തിരിച്ചടിയാകും. സൗജന്യ ചികിത്സ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ ആരോഗ്യ ഏജൻസി വഴി മാത്രമാകും . അതേസമയം നല്‍കിയ സൗജന്യ ചികില്‍സയുടെ കുടിശിക 100 കോടി കവിഞ്ഞതോടെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ എതിർപ്പ് അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്.

ചിസ് പ്ലസും കാരുണ്യ ബനവലന്‍റ് ഫണ്ടും സംയോജിപ്പിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കൊണ്ടുവന്നത് . എന്നാല്‍ ഹീമോ ഫീലിയ രോഗികള്‍ക്കും ഡയാലിസിസ് രോഗികൾക്കുമടക്കം പുതിയ പദ്ധതിയില്‍ സൗജന്യ ചികില്‍സ കിട്ടില്ലെന്ന സാഹചര്യം വന്നപ്പോൾ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി നീട്ടി. അതിനുശേഷം ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ കൂടി പുതിയ പദ്ധതിയായ കാസ്പിൽ ഉൾപ്പെടുത്തി . ഇതിനുശേഷമാണ്  കാരുണ്യ ബനവലന്‍റ് ഫണ്ട് പദ്ധതി പൂര്‍ണമായും അവസാനിപ്പിച്ചത്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആവശ്യമായ പണം നൽകുന്ന രീതിയും ഇതോടെ അവസാനിച്ചു.

കാരുണ്യ ബെനവലന്റ് ഫണ്ട് വഴി ചികിൽസ നൽകിയ വകയിൽ  ആശുപത്രികള്‍ക്ക് കിട്ടാനുള്ള പണത്തെ സംബന്ധിച്ച് സെപ്റ്റംബർ 10നകം ആശുപത്രികള്‍ ലോട്ടറി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട് . ഓഗസ്റ്റ് വരെയുള്ള പണം ലോട്ടറി വകുപ്പാകും നല്‍കുക. അതേസമയം പഴയ പദ്ധതികളിലെ കുടിശിക പൂര്‍ണമായും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്‍പ്പെടെ നല്‍കിയിട്ടില്ല. പദ്ധതിയില്‍ സഹകരിക്കില്ലെന്നറിയിച്ച സ്വകാര്യ ആശുപത്രികൾക്ക് ആദ്യ ഘട്ടത്തില്‍ കുറച്ച് പണം നല്‍കിയെങ്കിലും 100 കോടിയിലേറെ രൂപ ഇനിയും നല്‍കാനുണ്ട് . പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കണോ എന്ന് തീരുമാനിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്മന്‍റ് അസോസിയേഷൻ ഉടൻ യോഗം ചേരും. പുതിയ പദ്ധതിയില്‍ ശ്രീചിത്ര പോലെ വിദഗ്ദ ചികില്‍സ ലഭിക്കുന്ന പല ആശുപത്രികളും അംഗങ്ങളായിട്ടില്ല. പലര്‍ക്കും ചികില്‍സ മുടങ്ങുമോയെന്ന ആശങ്കയുമുണ്ട്.