കരുവന്നൂര്‍ ബാങ്കില്‍ പുതിയ ഇടത് ഭരണ സമിതി വന്നിട്ടും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നില്ല. മൂന്നും നാലും മാസം കൂടുമ്പോള്‍ പതിനായിരം രൂപ മാത്രമാണ് ലഭിക്കുന്നത്. ഇഡി പിടിച്ചെടുത്ത വായ്പാ ഫയലുകള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭരണ സമിതി പറയുമ്പോഴും നിക്ഷേപകരുടെ ദുരിതം തുടരുകയാണ്.

തൃശൂര്‍: കോടികള്‍ തട്ടിയ കരുവന്നൂര്‍ ബാങ്കില്‍ പുതിയ ഇടത് ഭരണ സമിതി വന്നിട്ടും നിക്ഷേപകര്‍ക്ക് മുടക്കമില്ലാതെ പലിശ പോലും നല്‍കാനാവുന്നില്ല. ബാങ്കില്‍ കയറിയിറങ്ങിയാല്‍ മൂന്നും നാലും മാസം കൂടുമ്പോള്‍ നിക്ഷേപകര്‍ക്ക് പതിനായിരം രൂപ മാത്രമാണ് കിട്ടുന്നത്. ഇഡി പിടിച്ചെടുത്ത 264 കോടിയുടെ വായ്പാ ഫയലുകള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിസന്ധി മറിടക്കാനാവുമെന്നാണ് ഭരണ സമിതി ആവര്‍ത്തിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാടായിക്കോണം സ്വദേശി ഉണ്ണികൃഷ്ണന്‍ 28 കൊല്ലത്തെ പട്ടാളസേവത്തില് നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ തുക നുള്ളിപ്പെറുക്കിയാണ് കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള കരുതലായിരുന്നു അത്. കമ്യൂട്ടഡ് പെന്‍ഷന്‍ ചെയ്തതുകൊണ്ട് പകുതി പെന്‍ഷനേയുള്ളൂ. വീട്ടിലെ ആവശ്യത്തിനും മക്കളുടെ പഠിപ്പിനുമായി അപേക്ഷ വച്ചാല്‍ വല്ലപ്പോഴും പതിനായിരം മാത്രമാണ് ബാങ്കില്‍ നിന്ന് കിട്ടുന്നത്. വാഴ കൃഷി ചെയ്താണ് നിലവില്‍ ഉണ്ണികൃഷ്ണന്‍ കുടുംബം പോറ്റുന്നത്.

അപകടത്തില്‍ പരിക്കേറ്റ് എട്ട് മാസത്തിലേറെയായി കിടന്ന കിടപ്പില്‍ കിടന്നാണ് വെറോണിക്കയുടെ ഭര്‍ത്താവ് കോട്ടയ്ക്കകത്തുകാരന്‍ പൗലോസ് മരിക്കുന്നത്. നാല് ലക്ഷത്തിനടുത്താണ് കരുവന്നൂര്‍ ബാങ്കിന്‍റെ പൊറത്തിശേരി ശാഖയില്‍ ഇവര്‍ക്ക് നിക്ഷേപമായുണ്ടായിരുന്നത്. ഇരുപത്തിയഞ്ച് ലക്ഷത്തോളം ചികിത്സയ്ക്കായി. കരുവന്നൂരിലെ നിക്ഷേപം പൂര്‍ണയായി ഉതകിയില്ല. ഇനിയും ഒരുലക്ഷത്തി മുപ്പതിനായിരം ബാങ്കില്‍ കിട്ടാനുണ്ട്. വെറോണിക്കയും രോഗിയാണ്.

മുംബൈയില്‍ മുപ്പത്തിയെട്ട് കൊല്ലമായി എക്സ്പര്‍ട്ട് കണ്‍സള്‍ട്ടന്‍റാണ് ജയദാസന്‍. ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷമാണ് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം. പലിശ കുടിശ്ശിക മാത്രം ഇപ്പോള്‍ 24 ലക്ഷം. രണ്ട് മാസം കൂടുമ്പോള്‍ പത്തു ദിവസത്തേക്ക് നാട്ടിലെത്തുന്ന ജയദാസന്‍ അഞ്ചു ദിവസവും കരുവന്നൂര്‍ ബാങ്കില്‍ കയറിയിറങ്ങുന്നു.

ഇഡി പിടിച്ചെടുത്തിരിക്കുന്ന 264 കോട് രൂപയുടെ 249 വായ്പാ ഫയലുകള്‍ വിട്ടുകിട്ടാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു വെന്നാണ് ഇടത് ഭരണ സമിതിയുടെ രാഷ്ട്രീയ പ്രതിരോധം. എന്നാല്‍ ഇഡി കണ്ടുകെട്ടിയ 128 കോടി ലഭിക്കാനുള്ള നടപടികള്‍ എടുത്തിട്ടുമില്ല. വായ്പ തിരിച്ചു പിടിക്കല്‍ ഊര്‍ജ്ജിതമാക്കി ബാങ്കിനെ സാധാരണ നിലയിലേക്ക് എത്തിക്കുമെന്ന് ഭരണ സമിതി പറയുമ്പോഴും എത്ര കാലം നിക്ഷേപകര്‍ അത്യാവശ്യങ്ങള്‍ മുടക്കേണ്ടി വരുമെന്നതിന് ഉത്തരമില്ല.

YouTube video player