Asianet News MalayalamAsianet News Malayalam

'സിപിഎം ചതിച്ചു'; കരുവന്നൂരിൽ ഡയറക്ടർ ബോർഡ് അംഗങ്ങളെ ബലിയാടാക്കിയെന്ന് സിപിഐ പ്രതിനിധികള്‍

തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും പറയുന്നു. 

Karuvannur Bank scam Directors Board members against cpm nbu
Author
First Published Sep 17, 2023, 11:20 AM IST

തൃശൂര്‍: കരുവന്നൂരിൽ സിപിഎം ചതിച്ചെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ. സിപിഎം ഡയറക്ടർ ബോർഡ് അംഗങ്ങളെ ബലിയാടാക്കിയെന്ന് സിപിഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ ലോണുകൾ പാസ്സാക്കിയത് ഭരണസമിതി അറിയാതെയാണ്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനുമായിരുന്നു എല്ലാമറിയാവുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും പറയുന്നു. ജയിൽ നിന്നിറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും തള്ളി. ഇരുവരിൽ നിന്ന് പത്ത് കോടി ഈടാക്കാനാണ് സഹകരണ വകുപ്പ് തീരുമാനം. ഇപ്പോൾ ജീവിക്കുന്നത് സെക്യൂരിറ്റി പണിയെടുത്തിട്ടാണെന്നും സുഗതൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, കരുവന്നൂര്‍ സഹകരണ വായ്പാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയിലാണ്. രണ്ട് കൊല്ലമായിട്ടും കേസില്‍ കുറ്റപത്രമായിട്ടില്ല. തട്ടിപ്പിലെ സിപിഎം ഇടപെടലിലും അന്വേഷണമുണ്ടായില്ല. വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് 2021 ജൂലൈയില്‍ അന്വേഷണം തുടങ്ങുന്നത്. തൊട്ടുപിന്നാലെ കരുവന്നൂരിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയും അന്വേഷണം ആരംഭിച്ചു. വെളപ്പായ സതീശന്‍, കിരണ്‍, എ.സി. മൊയ്തീന്, സിപിഎം കൗണ്‍സിലര്‍മാരായ അനൂപ് കാട, അരവിന്ദാക്ഷന്‍ എന്നിവരിലേക്ക് ഇഡി അന്വേഷണമെത്തിയപ്പോള്‍ ക്രൈംബ്രാ‍ഞ്ച് ഇവരെ വിട്ടുകളഞ്ഞു. പ്രതികളുടെ മൊഴികളില്‍ നിന്ന്, ബാങ്കില്‍ നിന്ന് കണ്ടെത്തിയ രേഖകളില്‍ നിന്ന് സതീശന്‍റെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരമുണ്ടായിരുന്നു. മൊഴിയെടുക്കാന്‍ വിളിപ്പിച്ചതല്ലാതെ കൂടുതല്‍ അന്വേഷണത്തിലേക്ക് പോയില്ല. സതീശന്‍റെ സിപിഎം ബന്ധം ക്രൈംബ്രാ‍‌ഞ്ചിനെ പിന്നോട്ടടിച്ചെന്നാണ് ഉയരുന്ന ആക്ഷേപം.

എന്നാല്‍, കരുവന്നൂരിന് പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും പരിശോധന നടത്തുകയാണ് ഇഡി. മുഖ്യ പ്രതി വെളപ്പായ സതീശന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്. ഇഡി ശേഖരിച്ച സതീശന്‍റെ ബാങ്ക് രേഖകളുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Follow Us:
Download App:
  • android
  • ios