Asianet News MalayalamAsianet News Malayalam

കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പ്: ആരോപണം തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത് കൊണ്ടെന്ന് പികെ ഫിറോസ്

കത്വ ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം

Kathua Unnao fund fraud PK Firoz denies allegations accuses yusuf padanilam
Author
Kozhikode, First Published Feb 2, 2021, 4:56 PM IST

കോഴിക്കോട്: കത്വ-ഉന്നാവോ ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കൾ തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. യൂസഫ് പടനിലത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു രൂപയുടെ പോലും തട്ടിപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ യുഡിഎഫിനെതിരെ മത്സരിച്ച ആളാണ് യൂസഫ് പടനിലം. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

കത്വ ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. ഒരു കോടിയോളം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചു. ഇങ്ങിനെ ഒരു ആരോപണം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് മുൻപേ ഉന്നയിക്കാതിരുന്നതെന്ന് പികെ ഫിറോസ് ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഉന്നയിക്കാമായിരുന്നില്ലേ. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് യൂസഫ്. അദ്ദേഹത്തെ നിയമപരമായി തന്നെ നേരിടും. ആര് ആവശ്യപ്പെട്ടാലും കണക്ക് കാണിക്കും. മുഈൻ അലിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല. ദേശീയ നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് സംസ്ഥാന നേതൃത്വമല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നാലെ ഫെയ്സ്ബുക്കിലും വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കി പികെ ഫിറോസ് കുറിപ്പെഴുതി. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Never Wrestle with a Pig. 
You Both Get Dirty and the Pig Likes It  

ബെർണാഡ് ഷാ ഇങ്ങനെ പറഞ്ഞ് വെച്ചിട്ടുണ്ടെങ്കിലും വിഷയം അഴിമതി ആരോപണമായതിനാൽ മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിർവാഹക സമിതി അംഗം എന്നൊക്കെയാണ് കൈരളി ചാനൽ എഴുതിക്കാണിക്കുന്നത്. ഇത് തെറ്റാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് തോൽക്കുകയും പാർട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാൾ. സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാർട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്‌പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങൾ. മാത്രവുമല്ല, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോൾ ചവിട്ടി നിൽക്കുന്ന പാർട്ടിയിൽ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാൾ കരുതുന്നുണ്ടാകാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ സി.എച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോൾ കത്‌വ വിഷയവുമായി വരുന്നത്. കത്‌വയിൽ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നൽകാനുമാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. കത്‌വ-ഉന്നാവോ വിഷയങ്ങളിൽ നിയമസഹായം ഉൾപ്പെടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ യൂത്ത്‌ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളിൽ വാർത്തകൾ വന്നതുമാണ്. 

യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരെ ഉന്നയിച്ചത്. ശുദ്ധ അസംബന്ധമാണത്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടിൽ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല. 

പക്ഷേ, ഈ വിഷയം ആരോപണമുന്നയിച്ച വ്യക്തിക്ക് ശ്രദ്ധ കിട്ടുമെന്ന് കരുതി നിസ്സാരമായി കാണാനാവില്ല. മുസ്ലിംലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. അതിന്റെ മുകളിൽ കരിനിഴൽ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്. 

രാഷ്ട്രീയത്തിൽ താൽക്കാലിക നേട്ടങ്ങൾക്കായി നട്ടാൽ കുരുക്കാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാൽ കത്വ പെണ്കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ  ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനമാണ്. അതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമാണ്.
അത് കൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. വരും ദിസവങ്ങളിൽ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.

Follow Us:
Download App:
  • android
  • ios