മലപ്പുറം: തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് കവളപ്പാറയിലെ കുട്ടനും കുടുംബവും. കുത്തിയൊലിച്ചുവന്ന വെള്ളത്തിന്‍റെ മണത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീട് വിട്ട് ഇറങ്ങിയോടുകയായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടന്‍റെ കുടുംബം. 15 മിനിറ്റിനകം കുട്ടന്‍റെയുള്‍പ്പെടെയുള്ള വീടുകള്‍ മണ്ണില്‍ മൂടി.

''ഒരു ഏഴര - ഏഴേമുക്കാലായി. അപ്പോഴൊക്കെ ഞങ്ങളുടെ വീടിന്‍റെ മുകളിൽ നല്ല മഴ പെയ്യുന്നുണ്ട്. അപ്പോഴാണ് കുറച്ച് വെള്ളം വീടിനരികിലൂടെ കുത്തിയൊലിച്ച് വന്നത്. അപ്പോൾ ഞങ്ങളെടുത്ത് മണത്ത് നോക്കി. ചീഞ്ഞ മണ്ണിന്‍റെ മണാ വര്ന്നത്. നല്ല മേൽമണ്ണിന് വേറെ മണല്ലേ? ആ മണം വെവ്വേറെ അറിയാ'' കുട്ടൻ പറയുന്നു. 

എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടന് തോന്നി. 

''വീട്ടിലെ എല്ലാരും താഴേക്കോടി വന്നു. കുട്ടികളെല്ലാരും ഓടി'', കുട്ടൻ പറയുന്നു. 

''നല്ല ഇരുട്ടായിരുന്നു ചുറ്റും. ഒരു തരി വെളിച്ചല്ല. വെളിച്ചല്ലാതെ ഓടി രക്ഷപ്പെട്ടതാണ് ‍ഞങ്ങളെല്ലാരും'', എന്ന് കുട്ടന്‍റെ ഭാര്യ വിജി. 

പിന്നെ വെറും 10 മിനിറ്റ് മാത്രം. അതിനപ്പുറം കവളപ്പാറ ആ വലിയ ദുരന്തത്തിന് സാക്ഷിയായി.

''തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാ'', കുട്ടൻ പറയുന്നു. ''ഇപ്പഴും നെഞ്ചിൽ നിന്ന് പോണില്ലത്. എന്‍റെ അച്ഛനുമമ്മേം പോയിട്ടേ .. പോയിട്ടേ..'', നെഞ്ച് നീറി കണ്ണ് നിറഞ്ഞത് തുടച്ച് കുട്ടൻ പറയുന്നു. 

തൊട്ടുമുകളിലെ വീട്ടിലുണ്ടായിരുന്ന അച്ഛനെയും അമ്മയെയും രക്ഷിക്കാനായില്ല കുട്ടന്. രണ്ട് പേരും ഇപ്പോഴും മണ്ണിനടിയിലാണ്. കവളപ്പാറയ്ക്ക് സമീപമുള്ള പൂളപ്പാടം ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടനും വിജിയും രണ്ട് മക്കളും ഇപ്പോഴുള്ളത്.

വീഡിയോ റിപ്പോർട്ട് ഇവിടെ: