ദില്ലി: തദ്ദേശേതെരഞ്ഞെടുപ്പിനെ നേരിടുന്ന കേരളത്തിൽ പാർട്ടിക്ക് പാളിച്ചയുണ്ടായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പാളിച്ചകൾ കണ്ടെത്തി അവ തിരുത്തി മുന്നോട്ട് പോകണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗം മുന്നണി വിട്ടു പോയതടക്കമുള്ള വിഷയങ്ങൾ ച‍ർച്ച ചെയ്യേണ്ടതുണ്ടെന്നും വെൽഫെയ‍ർ പാർട്ടിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ലെന്നും പറഞ്ഞ വേണു​ഗോപാൽ നിലവിലെ പ്രതിസന്ധിക്ക് നേതൃമാറ്റമല്ല പരിഹാരമെന്നും അഭിപ്രായപ്പെട്ടു. 

ദില്ലിയിൽ നിന്നും നേതാക്കളെ കൊണ്ടു വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നി‍ർണയം പാളിയെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. കേരളത്തിൽ ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണ്ണയം നടന്നുവെന്നും വെൽഫയർ പാർട്ടിയുമായുള്ള ബന്ധം അനാവശ്യമായിരുന്നെന്നും എഐസിസി വിലയിരുത്തുന്നു.