തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കെഎസ് ശബരീനാഥൻ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് എഐസിസി ജനറൽസെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍ സ്ഥാനാര്‍ഥിയാകും. വിജ്ഞാപനത്തിന് പിന്നാലെ എൽഡിഎഫും രണ്ടു ദിവസത്തിനകം ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം. മുന്‍ എംഎൽഎ കെഎസ് ശബരീനാഥനെ കളത്തിലിറക്കി തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ ഒരു മുഴം മുമ്പെയാണ് കോണ്‍ഗ്രസ്. മുഖ്യ ചുമതല വഹിക്കുന്ന മുന്‍ കെപിസിസി അധ്യക്ഷൻ കെ മുരളീധരന്‍റെ നേതൃത്വത്തിൽ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ശബരീനാഥൻ തന്നെയാണ് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.
നേമത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീര്‍ അടക്കം 15 പേരെയാണ് രണ്ടാം ഘട്ടത്തിൽ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. അതേ സമയം നേമം മണ്ഡലത്തിലെ ചില സ്ഥാനാര്‍ഥികളെ ചൊല്ലി പാര്‍ട്ടിയിൽ എതിര്‍പ്പുണ്ട്. ഇത് വക വയ്ക്കാതെയാണ് പ്രഖ്യാപനം. ആദ്യഘത്തിൽ 48 സ്ഥാനാാര്‍ഥികകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലീഗിനും ആര്‍എസ്പിക്കും അഞ്ചു വീതം സീറ്റുകളും സിഎംപിക്ക് മൂന്നു സീറ്റും കേരള കോണ്‍ഗ്രസ് ജേക്കബിന് ഒരു സീറ്റും നൽകാനാണ് യുഡിഎഫിലെ ധാരണ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തൊട്ടടുത്ത ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് എൽഡിഎഫ് തീരുമാനം. കഴിഞ്ഞ തവണത്തെ പോലെ സിപിഐയ്ക്ക് 17 സീറ്റ്. കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നും കേരള കോണ്‍ഗ്രസ് ബിക്കും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഓരോ സീറ്റ് വീതം നൽകാനാണ് ധാരണ. ബിജെപി രണ്ടു ദിവസത്തിനകം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തയ്യാറെടുപ്പും പ്രചാരണവും. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന പദയാത്ര നാളെ തുടങ്ങും. വികസനമാണ് മുഖ്യപ്രചാരണ വിഷയം. കൊല്ലത്ത് ആദ്യ ഘട്ടത്തിൽ 13 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ എ കെ ഹഫീസാണ് മേയര്‍ സ്ഥാനാര്‍ഥി.

