കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്‍റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. ലവ് ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ നിയമപരമായി നേരിടാന്‍ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണ്. രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണ് അതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ അനുഭവതലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

നേരിട്ടറിയാവുന്ന പല സംഭവങ്ങളും ഇതിന് തെളിവായി നിരത്താന്‍ കഴിയും. ഇതിവിടത്തെ ഒരു യാഥാര്‍ത്ഥ്യമാണ്. സമൂഹം കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാര്‍ അത് കാണില്ല, കാരണം സര്‍ക്കാര്‍ അത് കാണാന്‍ താല്‍പര്യപ്പെടുന്നില്ലെന്നതാണ് വസ്തുത.  രാഷ്ട്രീയക്കാര്‍ക്ക് തത്കാലം ഈ വിഷയത്തില്‍ ലാഭകരമായി ഒന്നുമില്ല. അതുകൊണ്ട് തന്നെ അവര്‍ അത് കണക്കിലെടുക്കില്ല. സീറോ മലബാര്‍ സഭാ സിനഡിലെ പ്രമേയത്തിനെതിരെ പ്രതിഷേധിക്കുന്നത് ചിലര്‍ മാത്രമാണ്. സഭയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. 

ലവി ജിഹാദിനെ പ്രണയം എന്നനിലയില്‍ മാത്രം സമീപിച്ചാല്‍ പോര, കൂടുതല്‍ വിശാലമായ തലത്തില്‍ അത് വിലയിരുത്തണം. മതേതര പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തില്‍ താല്‍പര്യമില്ല. സംസ്ഥാനത്ത് സംഭവിക്കുന്ന മരണങ്ങള്‍ പോലും ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന പേരിലാണ് രാഷ്ട്രീയക്കാര്‍ കാണുന്നത്. ലവ് ജിഹാദിനേക്കുറിച്ചുള്ള പ്രമേയം സീറോ മലബാര്‍ സഭയുടേതാണ്. ചില കാര്യങ്ങള്‍ സമൂഹത്തിന്‍റെ ചര്‍ച്ചയിലേക്ക് വരുന്നു, ജനങ്ങള്‍ക്ക് അതില്‍ നിന്ന് ചില കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. പ്രമേയത്തെക്കുറിച്ചുള്ള കെസിബിസിയുടെ പൊതു നിരീക്ഷണങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ അപ്പോള്‍ കെസിബിസി പൊതുവായ നിലപാട് വ്യക്തമാക്കുമെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.