Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിയിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം; ചർച്ച കിറ്റിലേക്കെത്തിച്ച് സർക്കാർ

സംസ്ഥാനത്തെ ജനം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി ചർച്ച തുടങ്ങിവെച്ചത്

Kerala Assembly covid crisis debate Pinarayi Balagopal Kunjalikkutty Chennithala
Author
Thiruvananthapuram, First Published Jul 27, 2021, 12:05 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാര മേഖലയിലടക്കം ഉണ്ടായ പ്രതിസന്ധിയിൽ പ്രതിപക്ഷം കൊണ്ടുവന്ന ചർച്ചയെ കിറ്റിലേക്ക് എത്തിച്ച് സർക്കാർ. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി പികെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു ചർച്ച വഴിതെറ്റി കിറ്റിലെത്തിയത്.

സംസ്ഥാനത്തെ ജനം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി ചർച്ച തുടങ്ങിവെച്ചത്. കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നതായിരുന്നു പ്രതിപക്ഷം മുന്നോട്ട് വെച്ച ആശയം. എന്നാൽ വാദപ്രതിവാദത്തിനിടെ കിറ്റിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി തന്നെ പരാമർശിച്ചതോടെ അതിൽ പിടിച്ച് സർക്കാർ മുന്നോട്ട് പോവുകയായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ പ്രമേയത്തിനുള്ള മറുപടിക്ക് മന്ത്രി കെഎൻ ബാലഗോപാലാണ് മറുപടി പറഞ്ഞത്. സംസ്ഥാന സർക്കാർ ക്രിയാത്മക ഇടപെടൽ നടത്തുന്നുവെന്ന് അദ്ദേഹം വാദിച്ചു. ആരോഗ്യ സംരക്ഷണം, ഭക്ഷണം, സാമൂഹ്യപെൻഷൻ തുടങ്ങിയവ സർക്കാർ ഉറപ്പാക്കി. രണ്ടാം പാക്കേജിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. അതീവ ദരിദ്രരെ കണ്ടെത്താനുള്ള സർവ്വേ നടത്തുന്നു. വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ധനബില്ല് അവതരിപ്പിക്കുമ്പോൾ അതിനിടയിൽ ചർച്ചയാവാമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലകളിലും ആത്മഹത്യയാണെന്നായിരുന്നു ഇതിന് പികെ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്. ജനം ദുരിതത്തിലാണ്. സർക്കാർ തുടരുന്ന നയം ശരിയല്ല. ഇടത്തേ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ആരാണ് ഈ പോളിസി ഉണ്ടാക്കുന്നത്? അശാസ്ത്രീയമായ അടച്ചിടൽ നയമാണ് സംസ്ഥാനത്തെന്നും ബെവ്കോയിലെ നയം മറ്റിടത്തും നടപ്പാക്കി കൂടേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ലോകം മുഴുവൻ രണ്ടാം തരംഗം അവസാനിച്ചിട്ടും കേരളത്തിൽ ഇപ്പോഴും തുടരുന്നുവെന്ന കുറ്റപ്പെടുത്തലും കുഞ്ഞാലിക്കുട്ടി നടത്തി. പ്രവാസികളിൽ പകുതിയും മടങ്ങും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകരും. ഞങ്ങൾ നോക്കിക്കോളാം നിങ്ങൾ മിണ്ടണ്ട എന്ന നിലപാട് ശരിയല്ലെന്നും മുസ്ലീം ലീഗ് നേതാവ് പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി മറുപടി നൽകി. എന്നാൽ ആർക്കും മരുന്ന് കിട്ടാതെ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തിന്റെ വരുമാനം 1.30 ലക്ഷം കോടി വരേണ്ടിടത്ത് 95,000 കോടി മാത്രമാണുള്ളതെന്ന് പറഞ്ഞ മന്ത്രി പിന്നെ കിറ്റിനെ കൂട്ടുപിടിച്ചായി മറുപടി. കിറ്റ് ആളുകളെ പറ്റിക്കാനല്ല ജീവൻ നിലനിർത്താനാണ് നൽകിയതെന്നായിരുന്നു ബാലഗോപാലിന്റെ പ്രതികരണം.

കിറ്റ് മാത്രം പോര കാശ് കൂടി കൊടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തികരംഗം സജീവമാക്കാനാണ് ശ്രമമെന്ന് ബാലഗോപാൽ തിരിച്ചടിച്ചു. ഓഗസ്റ്റിൽ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് ഉടമകൾക്ക് 5000 രൂപ വീതം കൊടുക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. 

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ശമ്പളം പോലും കൊടുക്കുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി 85 ലക്ഷത്തോളം ആളുകൾക്ക് ഭക്ഷണ കിറ്റ് കൊടുക്കുന്ന സംവിധാനം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് ധനമന്ത്രി ചോദിച്ചു. 55 ലക്ഷം ആളുകൾക്ക് പെൻഷൻ നൽകുന്നു. പെൻഷൻ പരിധിയിൽ വരാത്ത ആളുകൾക്ക് 1000 രൂപവീതം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. പിന്നാലെ പ്രസംഗിക്കാൻ എഴുന്നേറ്റ മുഖ്യമന്ത്രിയും കിറ്റിനോട് പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്ന് വിമർശിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios