വികസനവും രാഷ്ട്രീയ സമവാക്യങ്ങളും മതപരമായ വോട്ട് ബാങ്കുകളും നിർണ്ണായകമാകുന്ന തിരുവമ്പാടി മണ്ഡലത്തിൽ ഇത്തവണ വിജയം ആർക്കായിരിക്കുമെന്നതാണ് പ്രധാന ചോദ്യം. 

വാശിയേറിയ പോരാട്ടത്തിനുള്ള സാധ്യത തന്നെയാണ് ഇത്തവണ തിരുവമ്പാടിയിൽ തെളിയുന്നത്. എൽ.ഡി.എഫിന്റെ സിറ്റിങ് എംഎൽഎ ലിന്റോ ജോസഫ് വീണ്ടും മണ്ഡലത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ സി കെ കാസിം ആണ് ലീ​ഗിന്റെ സ്ഥാനാർ‌ത്ഥി. രാഷ്ട്രീയ, വികസന സമവാക്യങ്ങൾക്ക് പുറമെ മത വിഭാ​ഗങ്ങളുടെ സ്വാധീനം ഏറെയുള്ള മണ്ഡലം കൂടിയാണ് തിരുവമ്പാടി. രണ്ട് തവണ അടുപ്പിച്ച് എൽ‍ഡിഎഫിന് അനുകൂലമായി നിന്ന സീറ്റാണിത്. ഇക്കുറി എങ്ങോട്ടാണ് തിരുവമ്പാടിയുടെ പോക്ക്? ഇടത്ത് തന്നെയോ അതോ യൂടേൺ എടുക്കുമോ എന്നതാണ് ചോദ്യം.

‌മണ്ഡലത്തിലെ ഇതുവരെയുള്ള ട്രെന്റ്

തിരുവമ്പാടി നിയോജക മണ്ഡലം പൊതുവെ വലത് സ്വാധീനമുള്ള മണ്ഡലമാണ്. 12 തെരഞ്ഞെടുപ്പുകൾ നടന്നിടത്ത് എട്ട് തവണയും യുഡിഎഫ് വിജയിച്ചു. എന്നാൽ 2006ലെ ഉപതെരഞ്ഞെടുപ്പിലാണ് ചിത്രം മാറിമറിയുന്നത്. സിപിഎമ്മിന്റെ ജോർജ് തോമസ് മണ്ഡലത്തിൽ വിജയിച്ചു. ഇതോട് കൂടിയാണ് കോൺ​ഗ്രസ് സ്വാധീന മണ്ഡലത്തിൽ ട്രെൻഡ് മാറി തുടങ്ങുന്നത്. അതേസമയം, വർഷങ്ങളായി കോൺ​ഗ്രസ് മത്സരിക്കുന്ന സീറ്റ് പിന്നീട് മുസ്ലീം ലീ​ഗിന് വിട്ടുനൽകി. കെ. മുരളീധരന് കോഴിക്കോട് ലീ​ഗിന്റെ പിന്തുണക്കായി കരുണാകരൻ വിട്ടുനൽകിയ സീറ്റാണ് തിരുവമ്പാടി എന്നുള്ള രാഷ്ട്രീയ ആരോപണവും മണ്ഡലത്തിലെ പിന്നാമ്പുറ കാഴ്ച്ചകളിലൊന്നാണ്.

തിരുവമ്പാടിയിലെ വോട്ട് ബാങ്ക്

ക്രൈസ്തവ വോട്ടുകൾ കൂടുതലുള്ള മണ്ഡലമാണ് തിരുവമ്പാടി. എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പാർട്ടികളെ ഈ വോട്ട് ബാങ്ക് തുണക്കാറുണ്ട്. കൂടാതെ മുസ്ലീം വോട്ടുകളും നിർണ്ണായകമാണ്. ന്യൂനപക്ഷങ്ങൾ മാത്രം ചേർന്നാൽ 60 ശതമാനത്തോളം വോട്ട് ഷെയറുണ്ട് തിരുവമ്പാടി മണ്ഡലത്തിൽ. ബാക്കി വരുന്ന 40 ശതമാനത്തോളം വോട്ടുകൾ ഹിന്ദു വിഭാ​ഗ​ത്തിൽ നിന്നാണ്, അതിൽ ഭൂരിപക്ഷവും എസ് സി, എസ്ടിക്കാരാണ്. ഇവിടുത്തെ ന്യൂനപക്ഷ വോട്ടുകൾ കൃത്യമായി ഏകീകരിച്ചാൽ മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണ്. ഇത് കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിനെ തുണച്ചിരുന്നു. ക‍ൃത്യമായി ക്രൈസ്തവ വോട്ടുബാങ്കുകൾ കേന്ദ്രീകരിച്ച് മത്സരിക്കാൻ കഴിഞ്ഞ‍ാൽ ലീ​ഗ് സ്ഥാനാർത്ഥി സി കെ കാസിമിന് വിജയിക്കാനാകുമെന്നാണ് നിരീക്ഷണം. അതേസമയം, മണ്ഡലത്തിലെ വികസനവും ലഭിക്കുന്ന സ്വീകാര്യതയും ലിന്റോക്ക് അനുകൂലമായി വീശാൻ സാധ്യത വളരെയേറെയാണ്.

ഭരണവിരുദ്ധത തളർത്തുമോ ലിന്റോയെ?

ഭരണവിരുദ്ധത എന്ന വികാരമുണ്ടായാൽ പോലും തിരവമ്പാടിയിൽ അത് എൽക്കാൽ സാധ്യത വളരെ കുറവ് തന്നെയാണ്. മണ്ഡലത്തിൽ ചെയ്ത വികസനങ്ങൾ വോട്ടായി മാറിയാൽ ലിന്റോക്ക് അത് അനുകൂല സാഹചര്യമായി മാറും. 4000 കോടിയുടെ വികസനമാണ് ലിന്റോ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ വയനാട് തുരങ്കപാത നിർമ്മാണത്തിലെ ലിന്റോയുടെ പങ്കുമെല്ലാം ഇത്തവണ ചർച്ചയാകും.

മണ്ഡലത്തിൽ ലീ​ഗിന്റെ സാധ്യത

മണ്ഡലത്തിൽ ജന​കീയനും വിജയ സാധ്യത ഏറെയുള്ള വ്യക്തിയും കൂടിയാണ് സി കെ കാസിം. എന്നാൽ ഇത്തവണ മത്സരിക്കുമ്പോൾ നിര‌വധി വെല്ലുവിളികൾ കടന്നുവേണം മുന്നോട്ട് നീങ്ങാൻ. 2021ൽ മണ്ഡലത്തിലെ ലീ​ഗിന്റെ തോൽവിയിൽ കാസിമിനെതിരെ വന്ന ആരോപണം ഒരു പക്ഷേ വലിയോരു തലവേദനയാകാൻ സാധ്യത കൂടുതലാണ്. അന്നത്തെ ലീ​ഗിന്റെ സ്ഥാനാർത്ഥിയായിരുന്ന ചെറിയ മുഹമ്മദിന്റെ തോൽവി കാസിമും എൽഡിഎഫുമായുള്ള ധാരണയിലാണെന്നായിരുന്നു ആക്ഷേപം. സി കെ കാസിം സ്ഥാനാർത്ഥിയായതോടെ ലീ​ഗിനകത്തും പ്രശ്നങ്ങൾ ഉടലെടുക്കാനാണ് സാധ്യത.