തന്റെ യോഗ്യതയെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് പിഷാരടിക്കെതിരായ പരാമർശമെന്ന് അഖിൽ മാരാർ വ്യക്തമാക്കി. ഇതോടെ പിഷാരടി പറഞ്ഞത് സത്യമായെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരിക്കുകയാണ്.

പാലക്കാട്: സംവിധായകനും തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർത്ഥിയുമായ അഖിൽ മാരാരും നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി അഖിൽ മാരാർ. തെരഞ്ഞെടുപ്പിൽ തന്റെ യോ​ഗ്യത ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് താൻ പറഞ്ഞതെന്നും അല്ലാതെ അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ലെന്നും അഖിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ അഖിലിനെ കുറിച്ച് പിഷാരടി പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.

അഖിൽ മാരാരുടെ വാക്കുകൾ

'എല്ലാ ദിവസവും ഒരേ കാര്യം തന്നെ പറയുകയെന്നത് പ്രാക്ടിക്കലി ചിന്തിച്ചാൽ മനസിലാകും. ഞാൻ അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കുകയായിരുന്നില്ല. മറിച്ച്, ട്വന്റി ട്വന്റി എന്നത് ഞാൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. അവിടെ സിനിമയിൽ നിന്നും സീരിയലില്‍ നിന്നുള്ളവരുമെല്ലാം സ്ഥാനാര്‍ത്ഥികളാകുന്ന സാഹചര്യമുണ്ടായി. അങ്ങനെയൊരു സാഹചര്യം വന്നപ്പോൾ അത് വലിയ രീതിയിൽ പരിഹാസ രൂപേണ പലയാളുകളും മാധ്യമങ്ങളും സോഷ്യൽ മീഡിയയും കൊണ്ടാടുന്നത് കണ്ടു. ബിഗ് ബോസ് വിജയിയായ അഖിൽ മാരാര്‍ക്ക് മത്സരിക്കാന്‍ എന്താണ് യോഗ്യത എന്ന് ധാരാളം പേര്‍ ചോദിക്കുന്നത് കണ്ടു. പല ചോദ്യങ്ങള്‍ക്കും പല ആളുകളുടെയും ചര്‍ച്ചകൾക്കും ഒരു മറുപടിയെന്നോണം ഞാൻ പറഞ്ഞതാണ് അങ്ങനെയെങ്കിൽ എന്താണ് രമേഷ് പിഷാരടിയുടെ യോഗ്യത എന്നത്. ആ ഒരു അ‍ര്‍ത്ഥത്തിലാണ് അങ്ങനെ പറഞ്ഞത്. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല'. അഖിൽ മാരാര്‍ വ്യക്തമാക്കി.

പിഷാരടിയുടെ പ്രതികരണം

'അഖിൽ എന്നെ ശ്രദ്ധിക്കുന്നത് പോലെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. അതിനൊന്നും സമയമില്ല. മാധ്യമങ്ങൾ പറയുമ്പോഴാണ് അദ്ദേഹം എന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞെന്ന് തന്നെ ഞാൻ അറിയുന്നത്. മാത്രമല്ല, അതിനെന്തെങ്കിലും അഭിപ്രായം പറയാനും പറ്റില്ല. എന്തെങ്കിലും കുറ്റമോ മോശമോ ഒക്കെയായിരിക്കുമല്ലോ അദ്ദേഹം പറഞ്ഞിട്ടുണ്ടാകുക. എന്തൊക്കെ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ പിഷാരടി മഹാനാണെന്നും നല്ല മനുഷ്യനാണെന്നും പുള്ളി തന്നെ തിരുത്തിപ്പറയും. ഞാൻ ഈ പറഞ്ഞതിനും പുള്ളി എന്തെങ്കിലും അഭിപ്രായം പറയും, ഒരാഴ്ച കഴിയുമ്പോൾ പിന്നെയും തിരുത്തിപ്പറയും. ഒരു രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം ഒരു പ്രസ്താവന എന്താണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തിന് ഉത്തരം കൊടുക്കാം.'

അതേസമയം, പിഷാരടിയും താനും തമ്മിൽ രാഷ്ട്രീയപരമായും വ്യക്തിപരമായുമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി അഖിൽ മാരാർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കാശ് കൊടുത്ത് എംഎൽഎ ആകാൻ പോയ പോലെയാണ് പിഷാരടിയുടെ കാര്യമെന്നും ലാഭം മാത്രം ലക്ഷ്യമിട്ടാണ് പിഷാരടി മത്സത്തിനിറങ്ങിയതെന്നും മാരാർ ആരോപിച്ചിരുന്നു. എന്നാൽ, തോൽക്കുമെന്ന് പറയപ്പെടുന്ന മണ്ഡലത്തിലാണ് താൻ മത്സരത്തിനിറങ്ങുന്നതെന്നും പിഷാരടി യു‍ഡിഎഫിന് ജയസാധ്യതയുള്ള സിറ്റിം​ഗ് സീറ്റിൽ സുരക്ഷിതമായി മത്സരിക്കാനാണ് ശ്രമിക്കുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വെത്യാസം...

പിഷാരടി

1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..

2.ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല..

3.പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിൽ പോലും പ്രതിയായിട്ടില്ല.

4. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാൻ സാധ്യത ഉള്ള ഒരു പാർട്ടിയിൽ MLA ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാൻ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല...

അതെ സമയം സിപിഎംന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസ്സിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർത്ഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..

ഇതിപ്പോൾ കാശ് കൊടുത്തു MLA ആവാൻ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കും എന്ന് തോന്നുമ്പോൾ സിപിഎം അവിടെ ബിജെപിയുമായി ഡീൽ വെച്ചെന്ന് പറയാൻ നാണമില്ലേ എന്ന ചോദ്യം മാത്രം..

ഇനി അഖിൽ മാരാർ

2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം

നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ..

അക്കാലത്തു മാത്രം 13 കേസുകൾ

സിപിഎം ആക്രമണത്തിൽ തല തകർപെട്ട യൂത്ത് കോൺഗ്രെസ്സുകാരൻ

സ്വാതന്ത്രൻ ആയി ഇടത് കോട്ടയിൽ മത്സരിച്ചു 1500 വോട്ടുകൾ നേടി

തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ..

സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി..

രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി..

സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്മ്യൂണിസ്റ് പാർട്ടിയെ അതിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം..

നിരവധി ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ..

ബിഗ് ബോസ്സിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം...

വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരൻ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം..

ആത്മഹത്യയുടെ വക്കിൽ നിന്നും ഭാര്യയെയും 2 പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയത് ജയിക്കും എന്ന് കരുതിയല്ല കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം..

ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..

പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു..

ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു..

വീണ്ടും കേസുകളിൽ പ്രതിയായി..

ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആണ്..തിരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര..

34 വയസ് വരെ ഒന്നുമില്ലാത്തവൻ കഴിഞ്ഞ 3 വർഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല.

തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..?

ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്..

കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും "മണ്ടന്മാർ"

ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രായോ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ...

സോഷ്യൽ മീഡിയ പറയുന്നത്

അഖിൽ മാരാ‍ര്‍ ഇന്ന് ജനങ്ങളോട് പറയുന്നത് നാളെ മാറ്റിപ്പറയും എന്നതിൽ ഇനി സംശയം ഒന്നും വേണ്ട എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്. പിഷാരടി പറഞ്ഞത് 100% സത്യമായെന്നും മച്ചാൻ യു ടേൺ അടിച്ചെന്നും ചിലര്‍ പരിഹസിച്ചു. ഇങ്ങനെ മാറ്റിപ്പറയാൻ എങ്ങനെ സാധിക്കുന്നു എന്ന് ചില ഉപയോക്താക്കൾ ചോദിക്കുന്നുമുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള വാക്പോര് തുടരുമോ എന്ന് കാത്തിരുന്ന് കാണാം.