ആലപ്പുഴ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ പി.പി ചിത്തരഞ്ചനെ നിലനിർത്തി സീറ്റ് സംരക്ഷിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന യുവനേതാവ് എ.ഡി തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
ആലപ്പുഴ നിയോജക മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം. യുവസാരഥിയെ കളത്തിലിറക്കി ആലപ്പുഴ പിടിക്കാൻ കോൺഗ്രസ് തയ്യാറാകുമ്പോൾ സർവ്വസന്നാഹവും ഇറക്കി മണ്ഡലം നിലനിർത്തുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നുത്. 2011ലും 2016ലും ഇടത് തേരോട്ടമായിരുന്നു ആലപ്പുഴയിൽ. പിന്നീട് നടന്ന 2021ലെ തെരഞ്ഞെടുപ്പിൽ മിന്നും വിജയമായി സിപിഎംന്റെ പി.പി ചിത്തരഞ്ചൻ മണ്ഡലം നിലനിർത്തി. എട്ട് മണ്ഡലങ്ങൾ ഉള്ള ജില്ലയിൽ പൂർണ്ണ മേധാവിത്വവും ഇടതിന് തന്നെയായിരുന്നു. ഇത്തവണയും സിറ്റിങ് സീറ്റിൽ ചരിത്രം കുറിക്കാൻ ഇടതു മുന്നണി ഇറക്കുന്നതും ചിത്തരഞ്ചനെ തന്നെ. കൈയ്യിലിരുന്ന മണ്ഡലങ്ങൾ നഷ്ടമായ കോൺഗ്രസിന് ഇക്കുറി ജില്ലയിൽ മുന്നേറ്റം ഉണ്ടാക്കുക എന്നത് ബാലികേറാമലയാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഇക്കുറി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചത് കോൺഗ്രസിന്റെ യുവ പോരാളി എ.ഡി തോമസിനെയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും പ്രവർത്തനം തുടങ്ങിയ തോമസ് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികൂടിയാണ്. നവ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രകടനത്തിൽ ഗൺമാൻമാരുടെ മർദ്ദനത്തിനിരയായ വ്യക്തികൂടിയാണ് തോമസ്. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്ന മണ്ഡലമാണ് ആലപ്പുഴ. അതുകൊണ്ട് തന്നെ കേവലം വ്യക്തികളിൽ നിലനിൽക്കുന്ന ഒന്നല്ല ജയപരാജയം. കോൺഗ്രസിന് ഇത്തവണ വിജയം സുനിശ്ചിതമെന്നാണ് എ.ഡി തോമസ് പറയുന്നത്. 1990-കളിൽ കെ.സി വേണുഗോപാൽ മണ്ഡലത്തെ പ്രതിനിധീകരിച്ച കാലത്ത് കോൺഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, പിന്നീട് ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഭരണ ശൈലി മാറിയതോടെ ഇടതുപക്ഷം മണ്ഡലത്തിൽ പിടിമുറുക്കി.
നിലനിർത്തുമെന്ന് എൽഡിഎഫ്
സിറ്റിങ്ങ് സീറ്റിൽ വീണ്ടും മത്സരത്തിനിറങ്ങുന്ന ചിത്തരഞ്ചൻ മണ്ഡലം നിലനിർത്തുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ആലപ്പുഴയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ഇത്തവണ ഇടതു പക്ഷം വോട്ട് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുന്നതിന് മുൻപ് തന്നെ ചിത്തരഞ്ചന്റെ പേരിൽ ചുവരെഴുത്തുകളൊക്കെ തന്നെ ആരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളിൽ വ്യക്തമായ ബന്ധങ്ങളുള്ള ചിത്തരഞ്ചന് രണ്ടാം അംഗത്തിനായി മുന്നോട്ടിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ തുണക്കാൻ സാധ്യതയുണ്ട്. 2011 മുതൽ 2021 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ഡോ. ടി.എം തോമസ് ഐസക് ആലപ്പുഴയുടെ വികസന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചിരുന്നു. ധനമന്ത്രി എന്ന നിലയിലും പ്രാദേശിക വികസനത്തിൽ താല്പര്യമുള്ള നേതാവ് കൂടിയായതും സർക്കാരിൻമേലുള്ള മതിപ്പും ഇടതിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിരുന്നു. ഇത്തവണ ചിത്തരഞ്ചനിലും ഇതാവർത്തിക്കുമെന്നാണ് സിപിഎം കരുതുന്നത്. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ. മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ജനറൽ സെക്രട്ടറി, ആലപ്പുഴ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്, കേരളാ സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, മത്സ്യഫെഡ് ചെയർമാൻ തുടങ്ങിയ മേഖലകളിൽ ചിത്തരഞ്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലം ആലപ്പുഴയെന്ന ഉരുക്കു കോട്ടയില്‍ നിന്ന് എല്‍ഡിഎഫിന് നല്‍കുന്നത് അത്ര നല്ല വാര്‍ത്തകളല്ല. ജില്ലയിലെ 6 നഗരസഭകളില്‍ അഞ്ചിലും യുഡിഎഫ് മുന്നേറ്റമാണ് പ്രകടമായത്. ആലപ്പുഴയും 10 വര്‍ഷം ഇടതുപക്ഷം ഭരിച്ച കായംകുളവും കൈയിൽന നിന്ന പോയി. 38 പഞ്ചായത്തില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയപ്പോള്‍ 22 ഇടത്ത് യുഡിഎഫ് വിജയം. അതേസമയം ബിജെപി ജില്ലയിൽ എട്ടു പഞ്ചായത്തുകൾ നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം വിപരീതമായത് നിയമസഭയിലും പ്രകടമായാൽ ഇടതു പക്ഷത്തിന് അത് ഗുണം ചെയ്യില്ല എന്ന വേണം പറയാൻ.


