മലപ്പുറം ജില്ലയിലെ മഞ്ചേരി നിയമസഭാമണ്ഡലം മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയാണ്. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം. റഹ്മത്തുല്ലയും എൽഡിഎഫ് സ്വതന്ത്രൻ വി.എം. മുസ്‌തഫയും തമ്മിലാണ് പ്രധാന മത്സരം. മണ്ഡലത്തിലെ സാമുദായിക വോട്ടുകളും കഴിഞ്ഞകാല തെരഞ്ഞെടുപ്പ് ഫലങ്ങളും ഈ രാഷ്ട്രീയ പോരാട്ടത്തിൽ നിർണ്ണായകമാണ്.

മഞ്ചേരി: മലപ്പുറം ജില്ലയിലെ 16 നിയമസഭാമണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേരി. സാമുദായിക വോട്ടുകൾ വിധി നിര്‍ണയിക്കുന്ന ഇടം കൂടിയാണ് മഞ്ചേരി നിയോജക മണ്ഡലം. ഏറനാട് താലൂക്കിലെ മഞ്ചേരി മുന്‍സിപ്പാലിറ്റിയും തൃക്കലങ്ങോട്, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തുകളും പെരിന്തല്‍മണ്ണ താലൂക്കിലെ കീഴാറ്റൂര്‍, എടപ്പറ്റ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മഞ്ചേരി നിയോജക മണ്ഡലം.

യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. എം. റഹ്മത്തുല്ലയെയാണ് കോട്ട കാക്കാൻ ഇത്തവണ മുസ്ലീം ലീ​ഗ് നിയോ​ഗിച്ചിരിക്കുന്നത്. മറുഭാഗത്ത്, ചരിത്രം തിരുത്തിയെഴുതി ചെങ്കൊടി പാറിക്കാൻ എൽഡിഎഫ് സ്വതന്ത്രനായി വി.എം. മുസ്‌തഫയും, എൻഡിഎ സ്ഥാനാർഥിയായി പത്മശ്രീ അജിത്തും കളത്തിലുണ്ട്. സിറ്റിങ് എംഎൽഎ അഡ്വ. യു.എ. ലത്തീഫിന് പകരക്കാരനായാണ് അഡ്വ. എം.റഹ്മത്തുല്ല മത്സരിക്കുന്നത്. ആദ്യം സിപിഐയിൽ ആയിരുന്നുവെങ്കിലും റഹ്മത്തുല്ല പിന്നീട് മുസ്ലീം ലീഗിലേക്ക് കളം മാറുകയായിരുന്നു. മുസ്‍ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി, എസ്‌ടിയു സംസ്ഥാന ജന. സെക്രട്ടറി, ദേശീയ ജന. സെക്രട്ടറി, ദേശീയ പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. വോട്ടുകൾ കൃത്യമായി യുഡിഎഫ് പെട്ടിയിൽ വീഴുന്നതുകൊണ്ട് തന്നെ ഇക്കുറിയും ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്. ജില്ലയിലെ ലീ​ഗിന്‍റെ ശക്തികേന്ദ്രങ്ങളിലൊന്ന് കൂടിയാണ് മ‍‍ഞ്ചേരി.

മഞ്ചേരി വോട്ട് നിലയിൽ ലീ​ഗ് കോട്ട

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മുസ്ലീം ലീ​ഗിന് കൃത്യമായ ഭൂരിപക്ഷമുണ്ട് മഞ്ചേരിയില്‍. മാത്രമല്ല, മഞ്ചേരി മണ്ഡലം രൂപീകൃതമായ കാലം മുതൽ യുഡിഎഫിനെ, പ്രത്യേകിച്ച് മുസ്ലീം ലീഗിനെയാണ് പിന്തുണയ്ക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിക്കും, വലത്തേക്ക് തന്നെയാണ് മഞ്ചേരിയെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. 2021-ൽ 78,836 വോട്ടുകൾ നേടിയാണ് അഡ്വ. യു.എ. ലത്തീഫ് യുഡിഎഫ് കോട്ട കാത്തത്. 14,573 വോട്ടിന്‍റെ ഭൂരിപക്ഷവും അന്ന് ലീ​ഗ് സ്ഥാനാര്‍ഥി മണ്ഡലത്തിൽ നേടി. ഘ​ടകക്ഷി സീറ്റിൽ സിപിഐയുടെ നാസർ ഡിബോണക്ക് 64,263 വോട്ടുകളാണ് നേടാനായത്.

രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുറമെ സാമുദായിക വോട്ടുകളും നിർണ്ണായകം

രാഷ്ട്രീയ നിലപാടുകൾക്ക് പുറമെ സാമുദായിക വോട്ടുകള്‍ നിർണ്ണായകമാകുന്ന മണ്ഡലങ്ങളിലൊന്ന് കൂടിയാണ് മഞ്ചേരി. മുസ്ലീം വോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞാൽ വിജയം കൊയ്യാമെന്ന് സാരം. ഇത് കൃത്യമായി പെട്ടിയിലാക്കാൻ മുസ്ലീം ലീ​ഗിന് കാലാകാലങ്ങളായി മഞ്ചേരിയില്‍ സാധിക്കാറുമുണ്ട്. എന്നിരുന്നാലും മുസ്ലീം സമുദായത്തിന് പുറമെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളും ഉൾപ്പെടുന്ന മണ്ഡലത്തിലെ ജനസംഖ്യ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming