സിറ്റിംഗ് എം.എൽ.എയായ ജി ആർ അനിലിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് കോട്ട നിലനിർത്താൻ ശ്രമിക്കുമ്പോൾ, യു.ഡി.എഫും എൻ.ഡി.എയും അട്ടിമറി ലക്ഷ്യമിട്ട് ശക്തമായ പ്രചാരണത്തിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. സി.പി.ഐയുടെ ഉറച്ച കോട്ടകളിലൊന്നായ നെടുമങ്ങാട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ലക്ഷ്യമിട്ടാണ് യു.ഡി.എഫും എൻ.ഡി.എയും പോരിനിറങ്ങുന്നത്.
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള മണ്ഡലമാണ് നെടുമങ്ങാട്. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തിന്റെ നഗരവൽക്കരണവും ഉൾനാടൻ കാർഷിക മേഖലകളും, വനപ്രദേശങ്ങളും, മലയോര മേഖലകളുമെല്ലാം ഉൾപ്പെടുന്ന മണ്ഡലമാണിത്.
പരമ്പരാഗതമായി ഇടതുപക്ഷത്തോട് ഒരു ചായ്വ് പ്രകടിപ്പിക്കുന്ന മണ്ഡലമാണെങ്കിലും യുഡിഎഫിനും ഇവിടെ ശക്തമായ സ്വാധീനമുണ്ട്. പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിലുപരിയായി നെടുമങ്ങാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും, പ്രത്യേകിച്ച് മെച്ചപ്പെട്ട ഗതാഗത, ആരോഗ്യ സംവിധാനങ്ങളുടെ വികസനം, റോഡുകൾ, കുടിവെള്ളം, പാർപ്പിടം, ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കാണ് വോട്ടർമാർ പ്രഥമ പരിഗണന നൽകുന്നത്.
2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്നതായിരുന്നു. നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് വൻ വിജയമാണ് നേടിയത്. ആകെ 42 വാർഡുകളിൽ 29 ഇടത്തും ചെങ്കൊടി പാറി. യു.ഡി.എഫിന് 10 വാർഡുകളും ബി.ജെ.പിക്ക് 3 വാർഡുകളും മാത്രമേ നേടാനായുള്ളൂ. മാത്രമല്ല, മുൻ വർഷങ്ങളെ അപേക്ഷിച്ച് ബി.ജെ.പിയുടെ സീറ്റുകളിൽ കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്. സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ (സി.പി.ഐ) തന്നെയാണ് ഇത്തവണ ഇടതുപക്ഷത്തിന് വേണ്ടി വീണ്ടും ജനവിധി തേടുന്നത്. തന്റെ വികസന പ്രവർത്തനങ്ങളും ഭക്ഷ്യവകുപ്പിലെ നേട്ടങ്ങളും മുൻനിർത്തിയാണ് അദ്ദേഹം പ്രചാരണവുമായി മുന്നോട്ട് പോകുന്നത്.
ഇത്തവണ നെടുമങ്ങാട് മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാറിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരവും പ്രാദേശിക പ്രശ്നങ്ങളുമാണ് ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫിന്റെ ആയുധം. മറുഭാഗത്ത് എൻ.ഡി.എയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണ് നെടുമങ്ങാട്. ബി.ജെ.പിയുടെ യുവരാജ് ഗോകുലാണ് പോരിനിറങ്ങുന്നത്. നഗരസഭാ പരിധിയിലെ സ്വാധീനമുപയോഗിച്ച് ഇത്തവണ അക്കൗണ്ട് തുറക്കാനാണ് എൻ.ഡി.എ ശ്രമം.
കഴിഞ്ഞ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം
2001ൽ യുഡിഎഫിന്റെ പാലോട് രവിയാണ് മണ്ഡലത്തിൽ വിജയിച്ചത്. സിപിഐയുടെ മാങ്കോട് രാധാകൃഷ്ണനെ 1000ത്തിലധികം വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് പാലോട് രവി മറികടന്നത്. എന്നാൽ, 2006ൽ പാലോട് രവിയെ വെറും 85 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി മാങ്കോട് രാധാകൃഷ്ണൻ മണ്ഡലം പിടിച്ചു. 2011ൽ പാലോട് രവി ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനാണ് മണ്ഡലം സാക്ഷിയായത്. സിപിഐയുടെ അഡ്വ. പി രാമചന്ദ്രൻ നായരെ 5,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാലോട് രവി പരാജയപ്പെടുത്തി.
2016ലും 2011ലും നെടുമങ്ങാട് മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്നു. 2016ൽ സി ദിവാകരൻ സിറ്റിംഗ് എംഎൽഎയായ പാലോട് രവിയെ 3,600ലധികം വോട്ടുകൾക്കും 2021ൽ ജി ആർ അനിൽ യുഡിഎഫിന്റെ പി എസ് പ്രശാന്തിനെ 23,000ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനും പരാജയപ്പെടുത്തി മണ്ഡലം ഇടതുകോട്ടയാക്കി മാറ്റി.


