എസ്ഡിപിഐ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് എന്ന് സൂചന. മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ സ്വതന്ത്രർക്ക് എസ്ഡിപിഐ പിന്തുണ നൽകിയേക്കും. എന്നാൽ, പിന്തുണക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എസ് ഡിപിഐ നേതാക്കളുടെ പരസ്യ നിലപാട്.
കോഴിക്കോട്: എസ്ഡിപിഐ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് എന്ന് സൂചന. മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ സ്വതന്ത്രർക്ക് എസ്ഡിപിഐ പിന്തുണ നൽകിയേക്കും. എന്നാൽ, പിന്തുണക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എസ് ഡിപിഐ നേതാക്കളുടെ പരസ്യ നിലപാട്. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും ആരെ പിന്തുണക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
111 മണ്ഡലങ്ങളിൽ മത്സരിക്കാൻ ആദ്യം തീരുമാനിച്ച എസ്ഡിപിഐ അത് 34 മണ്ഡലമാക്കി ചുരുക്കിയിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മലപ്പുറത്തെ മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫിനെ സഹായിക്കാനാണ് എസ്ഡിപിഐയുടെ തീരുമാനം. മങ്കടയിലെ സ്ഥാനാർത്ഥി സഭാഹിന് നേരത്തെ സ്വതന്ത്രനായി മത്സരിച്ചപ്പോൾ എസ്ഡിപിഐ പിന്തുണ നൽകിയിരുന്നു.
പതിനായിരത്തോളം വോട്ടുകളുള്ള മണ്ഡലത്തിൽ കെഎം ഷാജിയെ തോൽപ്പിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് എസ്ഡിപിയുടെ തീരുമാനം. മങ്കടയിൽ മഞ്ഞളാംകുഴി അലക്കെതിരെ നിർത്തിയ സി എച്ച് അഷ്റഫ് എന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് എൽഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനും എസ്ഡിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇതുമാത്രമല്ല നിർണായകമായ മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫിന് എസ്ഡിപിഐ വോട്ട് കിട്ടും. എന്നാൽ, വോട്ട് എൽഡിഎഫിന് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
വെൽഫെയർ പാർട്ടി ബന്ധം മുൻനിർത്തി സിപിഎം ലീഗിനെ ആക്രമിക്കുമ്പോഴാണ് എസ്ഡിപിഐയുമായുള്ള രഹസ്യ ധാരണ. 2021ലെ തെരഞ്ഞെടുപ്പിൽ ദശാംശം നാല് ശതമാനം വോട്ട് മാത്രമാണ് എസ്ഡിപിഐക്ക് ലഭിച്ചതെങ്കിലും 2011 ൽ 80 സീറ്റിൽ മത്സരിച്ചപ്പോൾ ദശാംശം ഒൻപത് ശതമാനം വോട്ടുകൾ എസ്ഡിപിഐക്ക് ലഭിച്ചിരുന്നു. മുസ്ലിം സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ 2000 മുതൽ 10000 വരെ വോട്ടുകൾ ഉണ്ടെന്നാണ് പാർട്ടിയുടെ കണക്ക്. ഇത്തവണ യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടാകുമെന്നാണ് മുന്നണി കരുതിയെങ്കിലും പിഡിപി എൽഡിപിഐ എന്നീ സംഘടനകൾ ഇടതന് പിന്തുണ നൽകുന്ന സാഹചര്യമാണുള്ളത്.




