ഇടുക്കിയിലെ പീരുമേട് നിയോജക മണ്ഡലം എംഎൽഎ വാഴൂർ സോമന്റെ മരണശേഷം ഒരു നിർണായക തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പരമ്പരാഗതമായി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന മണ്ഡലത്തിൽ ഇത്തവണയും വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്നങ്ങളാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം.

പീരുമേട്: തേയില, കാപ്പി, ഏലമലക്കാടുകള്‍ പരന്നുകിടക്കുന്ന മലയോര പ്രദേശങ്ങള്‍ ചേരുന്നതാണ് ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലം. മുമ്പ് കെ കെ തോമസും ഇ എം അഗസ്‌തിയും അത്ഭുതം കാട്ടിയതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടത് എംഎല്‍എമാരാണ് പീരുമേട്ടില്‍ നിന്ന് വിജയിച്ച് സത്യപ്രതിജ്ഞയ്‌ക്കായി ഹൈറേഞ്ച് ഇറങ്ങിയത്. കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു പീരുമേട്ടില്‍ വിജയം. 2021-ല്‍ പീരുമേടിന്‍റെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വാഴൂര്‍ സോമന്‍ ഇക്കഴിഞ്ഞ വര്‍ഷം അന്തരിച്ചതിനെ തുടര്‍ന്ന് നിലവില്‍ ഈ സീറ്റ് വേക്കന്‍ഡായിരുന്നു. 2006 മുതല്‍ ഇടത് കാറ്റ് വീശുന്ന പീരുമേട് ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? 2021-ല്‍ നേരിയ ഭൂരിപക്ഷത്തിനായിരുന്നു വാഴൂര്‍ സോമന്‍റെ വിജയം എന്നതിനാല്‍ വാശിയേറിയ പോരാട്ടമാണ് പീരുമേട്ടില്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വാഴൂര്‍ സോമന്‍റെ വിടവ്

ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ് പീരുമേട് നിയോജക മണ്ഡലം. കൃഷിയും എസ്റ്റേറ്റുകളും ലയങ്ങളുമായി ചേര്‍ന്നുള്ള ജീവിതമാണ് ഇവിടുത്തെ മിക്ക വോട്ടര്‍മാരുടേതും. 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സിപിഐയിലെ ഇ എസ് ബിജിമോളായിരുന്നു പീരുമേടിന്‍റെ എംഎല്‍എ. 2021-ല്‍ മൂന്ന് ടേം പൂര്‍ത്തിയാക്കി ബിജിമോള്‍ മാറിയപ്പോള്‍ മുതിര്‍ന്ന നേതാവ് വാഴൂര്‍ സോമനാണ് ഇടതുമുന്നണിക്കായി മത്സരിച്ചത്. പ്രധാന എതിരാളിയായ കോണ്‍ഗ്രസിന്‍റെ സിറിയക് തോമസിനോട് 1,835 വോട്ടുകള്‍ക്ക് ശക്തമായ പോരാട്ടത്തിനൊടുവില്‍ വാഴൂര്‍ സോമന്‍ വിജയിച്ചു. തൊട്ട് മുമ്പത്തെ 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ സമാന എതിരാളി യുഡിഎഫിനായി മത്സരിച്ചപ്പോള്‍ ബിജിമോള്‍ക്ക് 314 വോട്ടുകള്‍ മാത്രമായിരുന്നു ഭൂരിപക്ഷം. 2025 ഓഗസ്റ്റ് 21ന് വാഴൂര്‍ സോമന്‍ ആകസ്‌മികമായി നിര്യാതനായതിനെ തുടര്‍ന്ന് പീരുമേട് സീറ്റ് നിലവില്‍ വേക്കന്‍ഡായി കിടക്കുകയായിരുന്നു. തോട്ടം മേഖലയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവാണ് വാഴൂര്‍ സോമന്‍.

പീരുമേട്ടില്‍ ഇത്തവണയും മത്സരം മുറുകും

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിറിയക് തോമസാണ് തുടര്‍ച്ചയായ മൂന്നാംവട്ടവും പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയിലെ കെ സലിംകുമാറിനെ പുതുമുഖമായി എല്‍ഡിഎഫ് ഇത്തവണ മത്സരത്തിനിറക്കിയിരിക്കുന്നു. ബിജെപിയുടെ വി. രതീഷാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

പീരുമേട്ടിലെ ചര്‍ച്ചകള്‍

കുടിയേറ്റ കര്‍ഷകരും, ആദിവാസി വിഭാഗങ്ങളും, കര്‍ഷക തൊഴിലാളികളും അധിവസിക്കുന്ന മേഖലകളാണ് പീരുമേട് നിയോജക മണ്ഡലം എന്നതിനാല്‍, ഈ വിഭാഗങ്ങളുടെ നിലപാടുകള്‍ മണ്ഡലത്തിന്‍റെ വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകും. ഈ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിക്കും മുന്നണിക്കുമാവും കൂടുതല്‍ വോട്ട് വീഴാന്‍ സാധ്യത. അതിനാല്‍, കര്‍ഷക, തൊഴിലാളി ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മണ്ഡലത്തില്‍ മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സ്വന്തമായി ഭൂമിയും കെട്ടുറപ്പില്ലാത്ത വീടുകളുമായി ലയങ്ങളില്‍ കഴിയുന്ന തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പുറമെ, ടൂറിസം വികസന പദ്ധതികൾ, പട്ടയ പ്രശ്‌ന പരിഹാരം, ആദിവാസി വികസനത്തിനുള്ള നടപടികൾ തുടങ്ങിയ പീരുമേട്ടില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാവുന്നുണ്ട്. പീരുമേട്ടില്‍ ഇത്തവണ സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. എന്നാല്‍, പീരുമേട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാര്യമായ പരിഹാരം കൊണ്ടുവരാന്‍ ഇടതുപക്ഷത്തിനായിട്ടില്ല എന്ന രീതിയിലാണ് മറുപക്ഷത്തിന്‍റെ പ്രചാരണം. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് പീരുമേട് എന്നതാണ് മുന്‍കാല ചരിത്രം.

പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപെരിയാർ ഗ്രാമപഞ്ചായത്തുകളും ഉടുമ്പൻചോല താലൂക്കിലെ അയ്യപ്പൻകോവിൽ, ചക്കുപള്ളം ഗ്രാമപഞ്ചായത്തുകളും ചേർന്ന നിയമസഭ മണ്ഡലമാണ് പീരുമേട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പീരുമേട് മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ മൂന്നിടത്ത് മാത്രമാണ് ഇടതുമുന്നണിക്ക് ഭരണത്തിലെത്താനായത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming