ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ചിറയിൻകീഴ് പട്ടികജാതി സംവരണ മണ്ഡലത്തിൽ ഇത്തവണ കടുത്ത ത്രികോണ മത്സരത്തിന് സാധ്യത. സിറ്റിംഗ് എംഎൽഎയ്ക്ക് പകരം എൽഡിഎഫ് പുതിയ സ്ഥാനാർത്ഥിയെ നിർത്തി. യുഡിഎഫ് രമ്യ ഹരിദാസിനെയും, കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബി.എസ്. അനൂപിനെ ബിജെപിയും രംഗത്തിറക്കിയതോടെ പോരാട്ടം പ്രവചനാതീതമായി മാറി.

ചിറയിൻകീഴ്: രൂപീകരിച്ചത് മുതല്‍ ഇടത് മുന്നണി വിജയിച്ചുവരുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്. സിപിഐയുടെ വി. ശശി ഹാട്രിക് വിജയം നേടിയ മണ്ഡലം. എന്നാല്‍ എല്‍ഡിഎഫ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയതും, യുഡിഎഫ് രമ്യ ഹരിദാസിനെ മത്സരിപ്പിക്കുന്നതും, ബിജെപി സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ ഇറക്കിയതും ഇത്തവണ ചിറയിൻകീഴിലെ മത്സരം കടുപ്പിക്കുന്നു. കഴിഞ്ഞ വട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ബി.എസ്. അനൂപാണ് ഇത്തവണ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. 2026 തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചിറയിന്‍കീഴില്‍ നിന്ന് ആരെത്തും നിയമസഭയില്‍? തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടിക ജാതി സംവരണ മണ്ഡലം കൂടിയാണ് ചിറയിന്‍കീഴ്.

Add Asianetnews as a Preferred SourcegooglePreferred

ചിറയിന്‍കീഴിന്‍റെ മുന്‍ തെരഞ്ഞെടുപ്പ് ചരിത്രം

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട ചിറയിൻകീഴ് നിയോജക മണ്ഡലം ഇടതുപക്ഷ ചായ്‌വുള്ള സ്ഥലമാണ് എന്നതാണ് മുന്‍കാല ചരിത്രം. ചിറയിൻകീഴ് നിയോജക മണ്ഡലം രൂപീകരിച്ച 2011-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കെ. വിദ്യാധരനെതിരെ 12,225 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഐയുടെ വി. ശശി വിജയിച്ചു. 2016-ല്‍ വി. ശശി 14,322 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2021-ല്‍ 14,017 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയം തുടര്‍ന്നു. 2021-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.എസ്. അനൂപ് ആയിരുന്നു പ്രധാന എതിരാളി. വി. ശശി 62,634 ഉം ബി.എസ്. അനൂപ് 48,617 ഉം വോട്ടുകളാണ് അന്ന് യഥാക്രമം നേടിയത്. അതേസമയം, ബിജെപി സ്ഥാനാര്‍ഥി ജി.എസ്. ആശാനാഥ് 30,986 വോട്ടുകളുമായി വലിയ വളര്‍ച്ച മണ്ഡലത്തില്‍ കാട്ടുകയും ചെയ്‌തു. 2016-ല്‍ ഇവിടെ ബിജെപി സ്ഥാനാര്‍ഥി പി.പി. വാവയ്‌ക്ക് 19,478 വോട്ടുകള്‍ മാത്രം ലഭിച്ച സ്ഥാനത്താണ് 2021-ല്‍ ആശാനാഥ് കുതിപ്പുണ്ടാക്കിയത്.

തുടര്‍ച്ചയായി മൂന്നുവട്ടം എംഎല്‍എയായ വി. ശശിക്ക് പകരം മനോജ് ബി എടമനയെയാണ് ഇക്കുറി സിപിഐയും എല്‍ഡിഎഫും ചിറയിൻകീഴില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. എന്നാല്‍, ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിനെ ചിറയിൻകീഴില്‍ വിന്യസിച്ച് മത്സരം കടുപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇക്കുറി കോണ്‍ഗ്രസും യുഡിഎഫും ചെയ്‌തത്. എന്നാല്‍ ഇതിനിടെ രണ്ട് ട്വിസ്റ്റുകള്‍ യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചു. മറ്റൊരു ജില്ലയില്‍ നിന്നുള്ള രമ്യയുടെ സ്ഥാനാര്‍ഥിതത്വത്തിനെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നതാണ് ഒരു സംഭവം. രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഇവിടെ പ്രവര്‍ത്തകര്‍ കോലം കത്തിച്ചിരുന്നു. ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ബി.എസ്. അനൂപിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാളയത്തിലെത്തിച്ച് ചിറയിന്‍കീഴിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കി ബിജെപി ഞെട്ടിച്ചതാണ് രണ്ടാമത്തേത്. ചിറയിന്‍കീഴില്‍ ഇത്തവണയും യുഡിഎഫ് സീറ്റ് നല്‍കാത്തതാണ് അനൂപ് മുന്നണി മാറാന്‍ കാരണം എന്ന് പറയപ്പെടുന്നു.

ചിറയിന്‍കീഴില്‍ സസ്‌പെന്‍സ്

ചിറയിന്‍കീഴ് മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മുമ്പ് പ്രധാന മത്സരമെങ്കില്‍ ഇത്തവണ സ്ഥിതി വ്യത്യസ്‌തമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരം വോട്ടുകള്‍ പിടിച്ച ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ വട്ടം 48,617 വോട്ടുകള്‍ പിടിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് എന്നുള്ളതിലുണ്ട് ബിജെപിയുടെ പ്ലാനുകളത്രയും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തുമോ എന്ന ആശങ്കയും സജീവം. ശക്തമായ ത്രികോണ മത്സരം ചിറയിന്‍കീഴില്‍ ഇത്തവണയുണ്ടായാല്‍ ഞെട്ടേണ്ടതില്ല. സാധാരണക്കാരായ ജനങ്ങളുടെയും കടലോരവാസികളുടെയും പ്രശ്‌നങ്ങള്‍ ചിറയിന്‍കീഴിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.

ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചിറയന്‍കീഴ് നിയോജക മണ്ഡലം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming