നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണ നിയമം, സാമൂഹിക ക്ഷേമ പെൻഷൻ അവകാശമാക്കൽ, റബർ താങ്ങുവില 300 രൂപയാക്കൽ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. സിദ്ധാർത്ഥിന്റെ പേരിൽ റാഗിംഗ് വിരുദ്ധ പദ്ധതിയും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ക്ഷേമ പദ്ധതികളും രാഷ്ട്രീയ വിഷയങ്ങളും സമന്വയിപ്പിച്ച പ്രകടന പത്രികയുമായി യുഡിഎഫ്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും സ്വർണക്കൊള്ള കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ യുഡിഎഫ് ഉറപ്പ് നൽകുന്നു. റബർ താങ്ങുവില 300 രൂപയായി ഉയർത്തുമെന്നും കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാൻ്റീനുകൾ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും ഐക്യമുന്നണി പ്രകടനപത്രിക പറയുന്നു.
കർണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച് വിജയിച്ച ക്ഷേമ വാഗ്ദാനങ്ങളിലൂന്നിയുള്ള പ്രകടന പത്രികയാണ് യുഡിഎഫ് കേരളത്തിലും മുന്നോട്ട് വയ്ക്കുന്നത്. റബറിൻ്റെ താങ്ങുവില ഉയർത്തൽ, കുറഞ്ഞ നിരക്കിൽ ഭക്ഷണം, സർക്കാർ ജീവനക്കാർക്ക് അനുകൂലമാകുന്ന വിധത്തിലുള്ള പെൻഷൻ പരിഷ്കരണം, വയോജനങ്ങൾക്കായി അംഗൻവാടി മാതൃകയിൽ സംരക്ഷണകേന്ദ്രങ്ങൾ പരീക്ഷ അമ്മ വീടുകൾ, 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, അങ്ങനെ ക്ഷേമ പദ്ധതികളുടെ നീണ്ടനിരയുണ്ട് പ്രകടനപത്രികയിൽ. സർക്കാരിനെതിരെ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങളിലെ യുഡിഎഫ് ബദലും പ്രകടനപത്രികയിൽ പരാമർശിക്കുന്നു. ആശ വർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ശബരിമല തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി നിലനിർത്താൻ കൂടി ലക്ഷ്യമിട്ടാണ് സ്വർണ്ണക്കൊള്ളയിലെ പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പാക്കും എന്ന പ്രഖ്യാപനം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നതാധികാരസമിതിയും ഓഡിറ്റിങ്ങും ഉണ്ടാകുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ യുള്ള അതിവേഗ റെയിൽവേ ഇടനാഴിയും, കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോയുമടക്കം അടിസ്ഥാന വികസന രംഗത്ത് വമ്പൻ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് യുഡിഎഫ്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സിൽവർ ലൈൻ പദ്ധതിക്കായി പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. കേരള ബാങ്കിന്റെയും കിഫ്ബിയുടെയും പ്രവർത്തനങ്ങളിൽ പുനക്രമീകരണം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാകുമോ എന്ന് സംശയമുള്ളവർക്ക് തെലങ്കാനയിൽ എത്തി കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പറഞ്ഞു. ബെന്നി ബഹനാന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് യുഡിഎഫിനായി പ്രകടനപത്രിക തയ്യാറാക്കിയത്.
ഇന്ദിര ഗ്യാരന്‍റിയിൽ ഊന്നി യുഡിഎഫ് പ്രകടന പത്രിക
- സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര
- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം
- ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും
- എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്
- യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്പ
- മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
