സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്രമസമാധാന പാലനത്തിനും സുതാര്യമായ വോട്ടെടുപ്പിനും മുൻഗണന നൽകി ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി അറിയിച്ച ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ,
മലപ്പുറം; നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി ബി.എൻ.എസ്.എസ്. സെക്ഷൻ 163 പ്രകാരമാണ് ഈ നടപടി.
ഉത്തരവ് പ്രകാരം ജില്ലയിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിനും കൊണ്ടുനടക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തോക്കുകൾ, കുന്തം, വാൾ, ലാത്തികൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതു വരെ അനുവദിക്കില്ല.
നിലവിൽ ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ പരിശോധനയ്ക്ക് ഹാജരാകണം. സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടാൽ ഇവ പിടിച്ചെടുക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം നിയമനടപടികൾ സ്വീകരിക്കും. എന്നാൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ, നാഷണൽ റൈഫിൾ അസോസിയേഷനിലെ കായിക താരങ്ങൾ, ആചാരപരമായ ആവശ്യങ്ങൾക്കായി ആയുധം ഉപയോഗിക്കുന്ന സമുദായങ്ങൾ എന്നിവർക്ക് നിബന്ധനകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ പ്രത്യേക അനുമതി പത്രം വാങ്ങിയിരിക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കളക്ടർ നിർദ്ദേശിച്ചു. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ പാടില്ല. കെട്ടിട ഉടമയുടെ മുൻകൂർ അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ കൊടിതോരണങ്ങളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ അനുവാദമില്ല. സർക്കാർ, പൊതു-സ്വകാര്യ ഇടങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ നിർദ്ദേശമുണ്ട്. ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയും.
പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് സർക്കാർ പരസ്യങ്ങൾ നൽകുന്നതിനും വിലക്കുണ്ട്. മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക ജോലികളെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിക്കലർത്തരുത്.
പരാതികൾ അറിയിക്കുന്നതിനായി 1950 എന്ന നമ്പറിൽ കോൾ സെന്റർ ഉൾപ്പെടെയുള്ള പരാതി പരിഹാര സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സി-വിജിൽ ആപ്പ് ഉപയോഗിക്കാം. ഇത്തരം പരാതികളിൽ 100 മിനിറ്റിനുള്ളിൽ പരിഹാരം കാണാൻ ഫ്ലൈയിംഗ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുൻപായി രാഷ്ട്രീയ പാർട്ടികൾ പോലീസിനെ അറിയിക്കുകയും ഉച്ചഭാഷിണികൾക്കും മറ്റും ആവശ്യമായ അനുമതി വാങ്ങുകയും വേണം. മൈതാനങ്ങളും ഹെലിപാഡുകളും ഉപയോഗിക്കുന്നതിന് 'സുവിധ' മോഡ്യൂൾ വഴി അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന എന്ന ക്രമത്തിലായിരിക്കും ഇവ അനുവദിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്താൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


