നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ നേതൃത്വത്തിൽ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് വിന്യസിക്കുന്നത്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ നേതൃത്വത്തിൽ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് വിന്യസിക്കുന്നത്. കേന്ദ്ര സേനയിൽ നിന്ന് 300ഓളം ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാകും. തമിഴ്നാട് പൊലീസും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുണ്ട്.1852 സ്പെഷ്യൽ പൊലീസും കർമനിരതരാകും. ഇലക്ഷൻ നിരീക്ഷിക്കാൻ 94 ഗ്രൂപ്പ് പട്രോളിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിലും ചിത്രീകരണം നടത്താൻ ക്യാമറ ടീമും ഉണ്ടാകും.

Add Asianetnews as a Preferred SourcegooglePreferred

സ്റ്റേഷൻ തലത്തിൽ ലോ ആന്‍റ് ഓർഡർ പട്രോളിംഗ് സംഘങ്ങളും ക്യുആർടി ടീമും ഉണ്ട്. ആറ് ഇലക്ഷൻ സബ് ഡിവിഷനുകളിലായി 1989 ബൂത്തുകളാണുള്ളത്. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ആറ് ബൂത്തുകളാണുള്ളത്. കുറുപ്പംപടി പൊലീസ് സ്റ്റേഷന് കീഴിൽ പൊങ്ങൻ ചുവട്, കുട്ടംപുഴ സ്റ്റേഷന് കീഴിൽ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറ കുടി, താളും കണ്ടം, വാരിയം എന്നിവയാണിത്. ഇവിടെ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാർത്താവിനിമയ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പ്രധാന ബൂത്തുകളും ,വോട്ടെണ്ണൽ - പോളിംഗ്‌ സാമഗ്രി വിതരണ കേന്ദ്രങ്ങളും എസ്പി സന്ദർശിച്ചു. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്‍റെ സഹകരണത്തോടെ റൂട്ട് മാർച്ചുകളും നടത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്പി വി കെ രാജു അധ്യക്ഷത വഹിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

YouTube video player