തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർത്തു. എന്നാൽ പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ രാജഗോപാൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. 

പ്രധാനമന്ത്രിക്കെതിരെ വിമർശനം വേണമെന്ന ഭേദഗതി കോണ്ഗ്രസിൽ നിന്നും കെസി ജോസഫ് മുന്നോട്ട് വച്ചെങ്കിലും അതു സഭ വോട്ടിനിട്ട് തള്ളി. പിന്നാലെ യുഡിഎഫ് - എൽഡിഎഫ് എംൽഎമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു. ആരും എതിർത്തു വോട്ട് ചെയ്തില്ല എന്നാണ് സ്പീക്കർ വോട്ടെടുപ്പിന് ശേഷം പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനമാണുള്ളത്. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. 

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണ്. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറിയിൽ വിപണിയിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. 

കേന്ദ്ര നിയമഭേദഗതി കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറ‍ഞ്ഞു.  കാർഷിക രംഗത്ത് വൻ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കർഷകരുടെ വില പേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

പ്രമേയത്തിൻ്റെ അടിസ്ഥാന ആശയത്തെ പിന്തുണയ്ക്കുന്നതായും എന്നാൽ ഇതിൽ ഭേദ​ഗതി വേണമെന്നും കോൺ​ഗ്രസിനെ പ്രതിനിധീകരിച്ചു സംസാരിച്ച കെസി ജോസഫ് ആവശ്യപ്പെട്ടു. സാധാരണ കൃഷിക്കാരുടെ ആശ്രയമായ മണ്ടി സംവിധാനത്തെ പുതിയ നിയമം തകർക്കും എന്ന് കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണം. പ്രധാനമന്ത്രി ചർച്ചക്ക് പോലും തയ്യാറാകാത്തതിൽ പ്രതിക്ഷേധം അറിയിക്കണമെന്നും പ്രമേയത്തിൽ ചർച്ചക്ക് പോലും തയ്യാറാവാതിരുന്ന  പ്രധാന മന്ത്രിയെ വിമർശിക്കണമെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു. 

പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാൻ വിസമ്മതിച്ച ​ഗവ‍ർണർക്കെതിരേയും രൂക്ഷവി‍മർശനമാണ് കോൺ​ഗ്രസ് നടത്തിയത്. ഡിസംബർ 23- നു ചേരേണ്ട സഭ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് ശരിയായില്ല. ഗവർണറോട് മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടിയിരുന്നുവെന്നും എന്നാൽ സർക്കാരിൽ നിന്നും തണുത്ത പ്രതികരണമാണ് ​ഗവർണറുടെ നടപടിയോട് ഉണ്ടായത്. 

ക്രിസ്മസ് കേക്കുമായി മന്ത്രിമാർ ഗവർണ്ണറുടെ കാല് പിടിക്കാൻ പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വെറുതെ പ്രമേയം പാസാക്കി പിരിയേണ്ട വിഷയമല്ല ഇത്. നൂറു ദിവസം മുൻപാണ് കേന്ദ്രം നിയമം പാസ്സാക്കിയത്. എന്നിട്ട് ഇപ്പോൾ മാത്രമാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഈ നിയമം കേരളത്തിൽ നടപ്പാക്കുന്നതിനെതിരെ നിയമനി‍ർമ്മാണം നടത്തുകയാണ് കേരളം ചെയ്യേണ്ടതെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു. 

ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ പ്രമേയം പാസാക്കുന്നതിനെതിരെ നിലപാട് സ്വീകരിക്കും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും അദ്ദേഹം എതിർത്ത് വോട്ട് ചെയ്തില്ല. കൊവിഡ് ബാധയെ തുട‍ർന്ന് നിരീക്ഷണത്തിലായതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല. വിഎസ് അച്യുതാനന്ദൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എന്നിവരും സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് പറയണം എന്ന് കെസി ജോസഫ് ആവശ്യപ്പെട്ടെങ്കിലും പ്രമേയത്തിൽ പലഭാഗത്തായി കേന്ദ്രസർക്കാരിനെ വിമർശിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയെ പ്രത്യേകമായി വിമർശിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമത്തിന് ബദലായി കേരളത്തിൽ നിയമം കൊണ്ടു വരുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രമേയം പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജനുവരി എട്ടിനാണ് അടുത്ത സമ്മേളനം. 

പ്രമേയത്തെ അനുകൂലിച്ച് വിവിധ നേതാക്കൾ പറഞ്ഞത്... 

ഇ ചന്ദ്രശേഖരൻ - സിപിഐ

കൃഷിയെ പൂർണ്ണമായും കേന്ദ്ര നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം എടുത്ത് കളയാനാണ് നീക്കം. കമ്പനികൾ വഴി ഭക്ഷധാന്യങ്ങൾ സമ്പന്ന രാജ്യത്തേക്ക് കൊണ്ടു പോകുന്ന സ്ഥിതി വരും. വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യം എത്തപ്പെടും. വൻകിട കമ്പനികളുമായി കേസു നടത്താൻ പോലും കർഷകർക്ക് പ്രയാസമാകും. സർക്കാരിന് പങ്കാളിത്തമോ സാന്നിധ്യമോയില്ലെന്നത് കർഷകർക്ക് തിരിച്ചടിയാകും. കർഷക സമരത്തെ ഗൌരവമായി കണക്കാക്കാത്തവരും നാളെ ഭക്ഷ്യക്ഷാമം നേരിടുമ്പോൾ ദുരിതത്തിലാകും, അവരും സമരത്തിനിറങ്ങേണ്ട സ്ഥിതിവരും. പ്രധാനമന്ത്രി ഇടക്കിടെ പറയുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാന്യം വിളയിക്കാനാകില്ല. രാജ്യം ഭരിക്കുന്നവർ കർഷകരെ കേൾക്കാതെ പോകരുത്.

‌ടിഎ അഹമ്മദ് കബീ‍ർ - മുസ്ലീം ലീ​ഗ്

പ്രധാനമന്ത്രി രാജ്യത്തെ കർഷകരോട് നന്ദികേട് കാണിക്കുകയാണ്. കർഷകരുടേയും വിദഗ്ധരുടേയും അഭിപ്രായം തള്ളിയാണ് ഭേദഗതി കൊണ്ട് വന്നത്. സമരം ചെയ്താൽ കേന്ദ്രം ഭീകര വാദികളാവുന്ന അവസ്ഥയാണ്. നിയമസഭ ചേരാൻ അനുമതി നിഷേധിച്ച കേരള ​ഗവർണർക്കെതിരെ പ്രമേയത്തിൽ ശക്തമായ പരാമർശം വേണ്ടിയിരുന്നു. ജനാധിപത്യ സർക്കാരിൻ്റെ നി‍ർദേശം തള്ളിയ ​ഗവർണറുടെ നടപടി കണ്ടില്ലെന്ന് നടിക്കരുത്. സംസ്ഥാനങ്ങളുടെ അധികാരം എടുത്തു കളയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 

മാത്യു ടി തോമസ് - ജനതാദൾ

പ്രതിപക്ഷം മറ്റു കാര്യങ്ങളിലേക് ശ്രദ്ധ തിരിച്ചു വിടുന്നത് ശരിയല്ല. കാർഷിക നിയമത്തിനെതിരെ നിയമസഭ ഒന്നായി നിന്നു വേണം പ്രമേയം പാസാക്കാൻ.  ഈ നിയമം കോർപ്പറേറ്റുകൾ കാർഷിക വിപണി കുത്തകയാക്കി വയ്ക്കാൻ ഇടയൊരുക്കും. കർഷകർക്ക് ന്യായമായ വില ലഭിക്കാൻ അവസരം നൽകിയത് മണ്ടികളാണ്. സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം ഉത്പാദന ചിലവും അതിൻ്റെ അൻപത് ശതമാനവും താങ്ങുവിലയായി നൽകണമെന്ന് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ നടപ്പാക്കും എന്നാണ് 2014-ൽ ബിജെപി വാ​ഗ്ദാനം ചെയ്തത്. അവരാണ് ഇന്ന് കർഷകരുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്താതെ ഇത്രയും പ്രധാനപ്പെട്ട നിയമം നടപ്പാക്കിയത്. 

പിജെ ജോസഫ് - കേരള കോൺ​ഗ്രസ് 

ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെയാണ് പൊതുവിതരണ സംവിധാനത്തിൻ്റെ നട്ടെല്ല് ഒടിയും. കരാ‍റുകാരൻ പറയുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ കർഷകർ നൽകണം. ഇടനിലക്കാർ അതു പിന്നെ കൂടിയ വിലയ്ക്ക് നൽകും. അവശ്യവസ്തു നിയമഭേദ​ഗതിയിലൂടെ നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരുടെ നില ​ഗുരുതരമായി മാറും. ഉത്പന്നങ്ങൾ ഇടനിലക്കാരിലേക്ക് എത്തും വിപണന നിയന്ത്രണം വൻകിടക്കാരിലേക്കും പോകും. കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിൽ എങ്ങനെയാണ് കേന്ദ്രം ഏകപക്ഷീയമായി ഇടപെടുക. 

ഒ രാജ​ഗോപാൽ  - ബിജെപി

കാർഷിക നിയമ ഭേദഗതിയെ ഞാൻ പിന്തുണയ്ക്കുകയാണ്. നിയമഭേദഗതി കർഷകർക്ക് സംരക്ഷണം നൽകുന്നുണ്ട്. കർഷക നിയമഭേദ​ഗതി നേരത്തെ കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്തിനും ഏതിനും അകാരണമായി പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. ചർച്ചകൾക്ക് പ്രധാനമന്ത്രി എതിരല്ല. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും എതിരെ സഭയിലുണ്ടായ പരാമർശങ്ങളെ ശക്തമായി എതിർക്കുന്നു. 

മാണി സി കാപ്പൻ - എൻസിപി 

കർഷക നിയമ ഭേദഗതി കോർപറേറ്റുകൾക്ക് വേണ്ടിയാണ്. കരാർ കൃഷി എന്ന സമ്പ്രദായം അം​ഗീകരിക്കാനാവില്ല.  കൊടും തണ്ണുപ്പിലും  സമരവീര്യം ചോരാതെ കർഷകർ പൊരുത്തുകയാണ്. 32 കർഷകരാണ് സമരത്തിനിടെ മരിച്ചത്. ഏത് നിയമവും പാസാക്കുന്നതിന് മുൻപ് ബന്ധപ്പെട്ട സ്റ്റാൻഡിം​ഗ് കമ്മിറ്റിയിലേക്ക് പോകണമെന്ന സമ്പ്രദായം പോലും കേന്ദ്രം അട്ടിമറിച്ചു. കൃഷിയിലും കൃഷിഭൂമിയിലും കർഷകൻ്റെ നിയന്ത്രണം ഇല്ലാതാക്കി. അവിടെ കുത്തകകളെ പ്രതിഷ്ഠിക്കുന്നതാണ് ഈ നിയമം. 

അനൂപ് ജേക്കബ്  - കേരള കോൺ​ഗ്രസ് ജേക്കബ് 

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കുന്നു. ​​ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണം. കെസി ജോസഫ് മുന്നോട്ട് വച്ച ഭേദ​ഗതിയെ കൂടി പിന്തുണച്ച് പ്രമേയം പൂർണതയിൽ എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ​ഗവർണർക്കെതിരായ പരാമർശം അനിവാര്യമായ ഒന്നാണ്. ഇതു കോർപ്പറേറ്റ് വത്കരണത്തിൻ്റെ ശാസ്ത്രീയമായ നടപ്പാക്കലാണ് ഈ കരാർ. ചെറുകിട കർഷകർ ആത്മഹത്യയിലേക്ക് എത്തും എന്നതാണ് കരാറിൻ്റെ അന്തിമഫലം. എന്ത് ഉത്പാദിപ്പിക്കണം എത്ര ഉത്പാദിപ്പിക്കണം എന്ന് കരാറുകാരും ഇടനിലക്കാരും കോർപ്പറേറ്റുകളും തീരുമാനിക്കുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. 

കടന്നപ്പള്ളി രാമചന്ദ്രൻ - കേരള കോൺ​ഗ്രസ് എസ് 
ഈ പ്രമേയം പാസാക്കുമ്പോൾ അതു ചരിത്രമായി മാറുകയാണ്. രാജ്യത്തിൻ്റെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്നമാണിത്. കാർഷിക രംഗം സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. ഈ കരാർ നടപ്പാക്കിയാൽ അതു രാജ്യത്തിൻ്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധകമാവും. 

​ഗണേഷ് കുമാർ - കേരള കോൺ​ഗ്രസ് ബി 

കൃഷി ഭൂമി കുത്തക മുതലാളികളുടേതായി മാറ്റി. രാജ്യത്തെ കർഷകർ അടിമകളായി മാറുന്ന നിയമമാണിത്. രാജ്യത്തെ കർഷകരെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ കാർഷിക നിയമം. കർഷകർ, കർഷക തൊഴിലാളികളായി മാറും. എന്ത് ഉൽപ്പാദിപ്പിക്കണം, എവിടെ എന്ത് വിലക്ക് വിൽക്കണം എന്ന് പോലും കർഷകർക്ക് തീരുമാനിക്കാൻ കഴിയാതെ വരും. കർഷകരെ ബാധിക്കുന്ന നിയമം ചർച്ച ചെയ്യപ്പെടാതെ പാസാക്കുകയായിരുന്നു. പൂഴ്ത്തി വെക്കും കരിഞ്ചന്തയും തടയുവാനുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ശക്തി കുറക്കും. കരിഞ്ചന്തയ്ക്ക് കുത്തക മുതലാളിമാർക്ക് അവസരം നൽകുന്ന നിയമമാണിത്. കേരള ഗവർണർ മിതത്വം പാലിക്കണം. ഗവർണറുമായി മുഖ്യമന്ത്രി യുദ്ധം ചെയ്യേണ്ടതില്ല, അത്തരം സംസ്കാരത്തിലേക്ക് മുഖ്യമന്ത്രി പോകാത്തതാണ് നല്ലത്. 

പിസി ജോർജ് - ജനപക്ഷം

കർഷകനെ വളർത്താനുള്ള നിയമമാണ് കേന്ദ്രം കൊണ്ടു വന്നതെന്നും ഇതിനെ എതിർക്കുന്നവർ കോർപ്പറേറ്റുകളുടെ വക്താക്കളാണ് എന്നാണ് രാജ​ഗോപാൽ പറഞ്ഞത്. കർഷകനെ സംബന്ധിച്ച് ഇത്രയും മാരകമായ ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ലോകത്ത് എല്ലായിടത്തും ക്രൂഡോയിൽ വില താഴോട്ട് പോകുകയാണ്. എന്നാൽ ഇന്ത്യയിൽ പെട്രോൾ വില കൂടുകയാണ്. പെട്രോൾ വില വർധനവിനെതിരെ ശബ്ദിക്കേണ്ട ബാധ്യത നമ്മുക്കുണ്ട്. ഖജനാവിലേക്ക് എന്തേലും നക്കാപ്പിച്ച കിട്ടും എന്നു കരുതി തോമസ് ഐസകും മുഖ്യമന്ത്രിയും മിണ്ടാതിരിക്കുകയാണ്. പാചകവാതകത്തിൻ്റെ വിലയും ഇതു തന്നെയാണ് അവസ്ഥ. മോദി വന്ന ശേഷം സമ്പന്നരുടെ പട്ടികയിൽ അദാനിയുണ്ടാക്കിയ മുന്നേറ്റം കണ്ടാൽ അറിയാം കോർപ്പറേറ്റുകളുടെ അവസ്ഥ.