11:40 AM (IST) Feb 07

പൊതുകടം 40000 കോടി

മൂലധന ചെലവ് 16871.80 കോടി 

പൊതു കടം 40848.21 കോടി 

ബജറ്റ് പ്രഖ്യാപിച്ച അധിക ചെലവ് 1820.50 കോടി

11:36 AM (IST) Feb 07

ക്ഷേമ പെൻഷൻ കൂട്ടിയില്ല, ബജറ്റ് അവതരണം അവസാനിച്ചു

സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. നിക്ഷേപ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും വയനാട് പുനരധിവാസ പാക്കേജുമായിരുന്നു ബജറ്റിൻ്റെ അകക്കാമ്പുകളിൽ പ്രധാനം.

11:33 AM (IST) Feb 07

ട്രംപിനെതിരെ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റ വിഷയത്തിലും ഗാസ മുനമ്പിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടുകളെ ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു. 

11:30 AM (IST) Feb 07

പാട്ടം നിരക്കിലും വർധന

സർക്കാർ ഭൂമിയുടെ പാട്ടം നിരക്കിൽ പരിഷ്ക്കാരം വരുത്തും. പാട്ട നിരക്ക് കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതി നടപ്പാക്കും. 

11:29 AM (IST) Feb 07

ഭൂനികുതി കൂട്ടി

ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

11:25 AM (IST) Feb 07

ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം

സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം. 

11:23 AM (IST) Feb 07

ശമ്പള വർധന

ദിവസം വേതനക്കാരുടെ വേതനം 5 ശതമാനം കൂട്ടും

11:23 AM (IST) Feb 07

ഫീസ് വർധനവുകൾ

വികെ മോഹൻ കമ്മിറ്റി ശുപാർശ അനുസരിച്ച് ഫീസുകൾ ഉയർത്താൻ തീരുമാനം. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും. സീറ്റ് എണ്ണം അനുസരിച്ചു മാറ്റം വരും. 

11:20 AM (IST) Feb 07

കെഎഫ്‌സിയുടെ ഓഹരി മൂലധനം കൂട്ടും

കെഎഫ്‌സിയുടെ ഓഹരി മൂലധനം 300 കോടിയിൽ നിന്ന് 600 കോടി ആക്കി ഉയ‍ർത്തി. ഉടൻ 200 കോടി കൂടി കൂട്ടും. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ കോമൺ പൂൾ സംവിധാനം കൊണ്ടുവരും. മെഡിസെപ് പദ്ധതി ഇൻഷുറൻസ് പദ്ധതി പുതുക്കാൻ വിവിധ കമ്പനികളുമായി ചർച്ച നടത്തും. 

11:19 AM (IST) Feb 07

ഒരു ഗഡു ഡി എ കൂടി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാതൃകയിലാണ് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

11:16 AM (IST) Feb 07

അഷ്വേർഡ് പെൻഷൻ പദ്ധതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2630 കോടി ചെലവഴിച്ചു. മെഡിസെപ് പദ്ധതിയിൽ 1668 കോടി രൂപ അനുവദിച്ചു. 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനത്തിലാണ് നൽകിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും.

11:13 AM (IST) Feb 07

ഹൈക്കോടതിയുടെ ആധുനികവത്കരണത്തിന് വിഹിതം

ജുഡീഷ്യൽ അക്കാദമിയുടെയും ഹൈക്കോടതിയുടെയും ആധുനിക വൽക്കരണം ലക്ഷ്യമിട്ട് 17.04 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 

11:12 AM (IST) Feb 07

നവ കേരള സദസിനുള്ളത്...

നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.

11:04 AM (IST) Feb 07

ന്യൂനപക്ഷ ക്ഷേമത്തിന് കൂടുതൽ തുക

പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി നീക്കിവച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി. വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്കായി 9 കോടിയും ഇമ്പിച്ചിബാവ ഭവന പദ്ധതിക്കായി അഞ്ച് കോടിയും നീക്കിവച്ചു. 

11:00 AM (IST) Feb 07

നോർക്കയ്ക്ക് 101 കോടി

ക്ഷേമനിധി ബോർഡുകൾ വഴി 2703 കോടിയുടെ ആനുകൂല്യം നൽകി. നോർക്കയ്ക്കായി 101.83 കോടി വകയിരുത്തി. ക്ഷേമനിധി പ്രവർത്തനത്തിന് 23 കോടിയും നീക്കിവച്ചു. 

10:46 AM (IST) Feb 07

സിഎം റിസർച്ച് സ്കോളർഷിപ്പ്

സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ നൽകുന്നതാണ് പദ്ധതി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് 21 കോടി രൂപ. സർക്കാർ തിയേറ്ററുകളിൽ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാൻ 2 കോടി രൂപയും നീക്കിവച്ചു. 

10:42 AM (IST) Feb 07

സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

10:40 AM (IST) Feb 07

കെഎസ്ആർടിസിക്ക് സഹായം, പൊന്മുടിയിൽ റോപ് വേ

കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ പ്രാഥമികമായി നീക്കിവച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. 

10:30 AM (IST) Feb 07

ഐടി നയം അന്തിമ ഘട്ടത്തിൽ

സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ്പ് മിഷന് 90 കോടി നീക്കിവച്ചു. 

10:27 AM (IST) Feb 07

റബ്‌കോയ്ക്ക് 10 കോടി

റബ്‌കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചു. കുടുംബശ്രീയ്ക്ക് 270 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളിൽ ചെറുകിട ജല വൈദ്യുതി പദ്ധതികൾ തുടങ്ങും.