വീട്ടിലെത്തി വോട്ടിങ്ങ്, കുറ്റമറ്റ രീതിയിൽ നടത്തണമെന്ന് സഞ്ജയ് കൗൾ; 'നാല് ജില്ലകളിലെ ഒരുക്കങ്ങൾ വിലയിരുത്തി'
''ഒരു പരാതിക്കും ഇടയില്ലാത്ത വിധം ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണം. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച അര്‍ഹതപ്പെട്ട എല്ലാവരെയും വിവരം അറിയിക്കണം.''
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ നിര്‍ദേശം. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കണ്ണൂര്‍ മാഗ്‌നറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പരാതിക്കും ഇടയില്ലാത്ത വിധം ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണം. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച അര്‍ഹതപ്പെട്ട എല്ലാവരെയും വിവരം അറിയിക്കണം. വോട്ട് ചെയ്യിക്കാന്‍ ടീം വീട്ടില്‍ എത്തുന്ന സമയം മുന്‍കൂട്ടി അവരെ അറിയിക്കണം. പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് സംബന്ധിച്ച കണക്കുകളും കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് സഞ്ജയ് കൗള്‍ നിര്‍ദേശിച്ചു.
വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍ക്കു പോളിങ് ബൂത്തില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ഇക്കാര്യം പരമാവധി ജനങ്ങളില്‍ എത്തിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പോളിങ് ദിവസം കടുത്ത ചൂട് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ എല്ലാ ബൂത്തുകളിലും വെയില്‍ കൊള്ളാതെ വരി നില്‍ക്കാന്‍ കഴിയുന്ന സൗകര്യം ഒരുക്കണം. ആവശ്യമായ കുടിവെള്ളം, ഇരിക്കാനുള്ള കസേരകള്‍ തുടങ്ങിയവയും ഉറപ്പാക്കണം. ബൂത്തില്‍ മുതിര്‍ന്ന പൗരമാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണം. പോളിങ്ങ് ബൂത്തുകളിലെ റാമ്പുകള്‍ ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണമെന്നും സഞ്ജയ് കൗള്‍ എആര്‍ഒമാര്‍ക്കും ഇആര്‍ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
സക്ഷം മൊബൈല്‍ ആപ്പ് വഴി ആവശ്യപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് വാഹനം, വളണ്ടിയര്‍, വീല്‍ ചെയര്‍ എന്നിവ നല്‍കാന്‍ സംവിധാനം ഒരുക്കുന്നുണ്ട്. ഇതും പരാതി രഹിതമായി നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ സൗകര്യം ലഭ്യമാണെന്ന കാര്യത്തിനും ആവശ്യമായ പ്രചാരണം നല്‍കണം. സക്ഷം മൊബൈല്‍ ആപ്പ് വഴി വരുന്ന അപേക്ഷകള്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു മോണിറ്റര്‍ ചെയ്യുകയും ആവശ്യമായ നടപടി എടുക്കുകയും വേണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. പോളിങ് സമാധാനപരവും കുറ്റമറ്റതും ആയി നടത്താന്‍ ആവശ്യമായ എല്ലാ നടപടികളും കമ്മീഷന്‍ ചെയ്തു വരുന്നുണ്ട്. പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.