'മനുഷ്യ സ്‌നേഹത്തിന്റെ തണൽ'; കൂട്ടിക്കലില്‍ 25 കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറി സിപിഎം
25 വീടുകള്‍ നിര്‍മ്മിക്കുക എന്നതിനപ്പുറം ഒരു പ്രദേശത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കോട്ടയം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് സിപിഎം.

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടമായ 25 കുടുംബങ്ങള്‍ക്കായി സിപിഎം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി വിഎന്‍ വാസവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടു മുറി, ഹാള്‍, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവയടങ്ങിയ വീടുകളാണ് സിപിഎം നിര്‍മ്മിച്ച് കൈമാറിയത്.
വീടുകളില്ലാത്തവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളാണ് പ്രധാനം, ആവുന്നത്ര പ്രശ്നങ്ങള്‍ പരിഹരിക്കണം. സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. മനസുകൊണ്ടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി തങ്ങളുടെ സഹജീവികളെ സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തുന്നത്. അത്തരത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ ലഭിച്ചു. വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടക്കുന്നു. ജനങ്ങളെല്ലാം നല്ലവരാണ് എന്നാല്‍ ചിലര്‍ക്ക് ആ മനസില്ല. പ്രത്യേക രീതിയിലുള്ള ദുഷ്ടമനസുള്ളവര്‍ നല്ല പദ്ധതികളെ തകര്‍ക്കാനുള്ള ശ്രമം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
25 വീടുകള്‍ നിര്‍മ്മിക്കുക എന്നതിനപ്പുറം ഒരു പ്രദേശത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കോട്ടയം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് സിപിഎം പറഞ്ഞു. വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെ കാഞ്ഞിരപ്പള്ളി ഏരിയയിലെ അംഗങ്ങളില്‍ നിന്നും പണം സ്വരൂപിച്ച് കൂട്ടിക്കല്‍ ടൗണ്‍ വാര്‍ഡിലെ തേന്‍ പുഴയില്‍ രണ്ടേക്കര്‍ പത്ത് സെന്റ് സ്ഥലം വാങ്ങി. 2022 ഫെബ്രുവരി 22ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഭവന സമുച്ചയത്തിന് തറക്കല്ലിട്ടത്. കോട്ടയം ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും സഹകരണത്തോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതെന്നും സിപിഎം അറിയിച്ചു.
2021 ഒക്ടോബര്‍ 16നായിരുന്നു കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടിയത്. 13 പേരാണ് അന്ന് മരിച്ചത്.
യുവതിയെയും മൂന്നു മക്കളെയും കുത്തിക്കൊന്നു; പ്രതി മാസ്‌ക് ധരിച്ചെത്തിയ യുവാവെന്ന് പൊലീസ്