Asianet News MalayalamAsianet News Malayalam

കേരളത്തിലെ രോഗമുക്തി നിരക്ക്; പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

തുടക്കത്തില്‍ മൂന്ന് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നു എന്നാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്. 

kerala cm pinarayi vijayan against ramesh chennithala on covid issue
Author
Thiruvananthapuram, First Published Aug 12, 2020, 6:39 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ രോഗമുക്തി നിരക്ക്, ടെസ്റ്റുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. രോഗമുക്തി നിരക്കിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി നുണപറയുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇതിനാണ് മുഖ്യമന്ത്രി കൊവിഡ് കണക്കുകള്‍ പുറത്തുവിട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ മറുപടി നല്‍കിയത്.

തുടക്കത്തില്‍ മൂന്ന് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നു എന്നാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്. അദ്ദേഹം ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നാണ് തോന്നുന്നത്. കൊവിഡ് വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം വിശദമായ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 

മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന രീതികളും അന്ന് പറഞ്ഞിരുന്നു. ഇത്തരം ഒരു രീതി ആവിഷ്കരിച്ചതിന്‍റെ രേഖകളും ലഭ്യമാണ്. അപ്പോഴാണ് പ്രതിപക്ഷ നേതാവ് പുതുതായി എന്തോ കണ്ടെത്തിയ പോലെ ആരോപണവുമായി രംഗത്ത് വരുന്നത്. സംസ്ഥാനത്ത് തുടക്കത്തില്‍ രണ്ടും മൂന്നും അതിലധികവും ടെസ്റ്റ് നടത്തിയാണ് രോഗികളെ വീട്ടില്‍ വിട്ടിരുന്നത്. ഇത്തരത്തില്‍ 40 ദിവസത്തില്‍ ഏറെ ആശുപത്രിയില്‍ കിടന്ന രോഗികള്‍ വരെയുണ്ടായിരുന്നു. ഇതെല്ലാം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതാണ്.

കേരളത്തിന്‍റെ രോഗമുക്തി നിരക്ക് തുടക്കത്തില്‍ പിന്നില്‍ പോയതും അതുകൊണ്ടാണ്. മിക്ക സംസ്ഥാനങ്ങളിലും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 10 ദിവസത്തിനുള്ളില്‍ രോഗം കുറഞ്ഞാല്‍ വീട്ടില്‍ വിടും. കേരളത്തില്‍ ഇത്രയും കേസ് കൂടിയിട്ടും ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാതെ ഒരു രോഗിയെയും വീട്ടിലേക്ക് വിടില്ല.

"

ഇത് അദ്ദേഹം കേട്ടിട്ടുണ്ടാകില്ല എന്നാണ് തോന്നുന്നത്. അത് കേള്‍ക്കാത്ത മട്ടില്‍, ഞാന്‍ എന്തോ നുണ പറഞ്ഞെന്നും അദ്ദേഹം എന്തോ കണ്ടെത്തിയെന്നുമാണ് പറയാന്‍ ശ്രമിക്കുന്നത്. ഈ രാഷ്ട്രീയം കൌശലം ഇത്രയും സാങ്കേതിക വിദ്യ കൂടിയ കാലത്ത് ഫലിക്കില്ല. 

ടെസ്റ്റുകളുടെ കാര്യത്തില്‍ കുറവുണ്ടെന്നാണ് ആരോപണം. അത് ആവര്‍ത്തിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്കോ, ഐസിഎംആറിനോ, കേന്ദ്ര സര്‍ക്കാറിനോ ഇതില്‍ കേരളം പിന്നിലാണെന്ന് അഭിപ്രായമല്ല. മാനദണ്ഡ പ്രകാരമാണ് കേരളം മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതാവിന് ഈ കാര്യത്തില്‍ മറ്റെന്തോ രീതി ഉപയോഗിച്ചാണ് മനസിലാക്കുന്നത് എന്ന് തോന്നുന്നു. ഈ രംഗത്തെ ശാസ്ത്രീയ മാനദണ്ഡങ്ങളില്‍ അദ്ദേഹത്തിന് വിശ്വാസമില്ലെങ്കില്‍ ഒന്നും പറയാനില്ല - മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios