തിരുവനന്തപുരം: കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലെത്തി കൊവിഡ് രോഗികളായവരുടെ വിവരം ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് 110 പേരെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇവരിൽ അധികം പേരും കാസർകോട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നും ആരോഗ്യ വകുപ്പ് ശേഖരിച്ച വിവരം ജില്ലകൾക്ക് കൈമാറി. കാസർകോട് നിന്ന് മറ്റ് സംസ്ഥാനങ്ങളിലെത്തിയ 14 പേർ പട്ടികയിലുണ്ട്. കൊല്ലത്ത് നിന്ന് പോയ 11 പേരാണ് പട്ടികയിലുള്ളത്.

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി റോഡുകളിൽ നിയന്ത്രണം കർണാടക കർശനമാക്കി. വടക്കേ വയനാട്ടിലെ കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി, കുട്ട ചെക്പോസ്റ്റിൽ നേരത്തെ മണ്ണിട്ട റോഡുകളിൽ  കമ്പിവേലികെട്ടി പൂർണ്ണമായും അടച്ചു. കർണ്ണാടകയിലെ കുടക് ജില്ലയിലെ കാര്‍ഷിക മേഖലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാതകളിലാണ്  മുള്ളുവേലികൾ സ്ഥാപിച്ചത്.