കോട്ടയം: ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കിടെ കേരള കോൺഗ്രസിൻറെ ജന്മ ദിനം നാളെ. നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇടതുമുന്നണി സഹകരണം സംബന്ധിച്ച കാര്യത്തിൽ ധാരണയിലെത്തിയേക്കും. അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ചിഹ്നവും പേരും സംബന്ധിച്ച് ഹൈക്കോടതി വിധി അനുകൂലമാകുമെന്നാണ് ജോസ് പക്ഷത്തിൻറെ പ്രതീക്ഷ. അതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് സാധ്യത.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മുൻപ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞിരുന്നത്. ഇതിനിടെ പേരും ചിഹ്നവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ച അനുകൂല ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ എല്ലാത്തിനും വേഗം കുറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടി വച്ചതും ഗുണമായി. കഴിഞ്ഞ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും യുഡിഎഫുമായി ഇനി സഹകരണം വേണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ യുഡിഎഫ് വിട്ട കാര്യം ജോസ് കെ മാണി ഔദ്യോഗികമായി അറിയിക്കും. എൽഡിഎഫുമായുള്ള സഹകരണം സംബന്ധിച്ച് അംഗങ്ങളുടെ അഭിപ്രായം ആരായും. തുടർന്ന് ചർച്ചകൾക്ക് ശേഷം തീരുമാനം എടുത്തേക്കും.

മുന്നണി പ്രവേശനം സംബന്ധിച്ച് എൽഡിഎഫ് കൺവീനറുമായി ജോസ് കെ മാണി നേരിട്ട് ചർച്ചകൾ നടത്തിയതായാണ് സൂചന. എന്നാൽ സീറ്റുകൾ സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. നിയമസഭ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച ശേഷം ഉണ്ടാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നാല് ജില്ലകളിലെ തദ്ദേശ വാർഡുകളിൽ ജയിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഇടതു മുന്നണിക്ക് കൈമാറിയതായും സൂചനയുണ്ട്.