കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മും കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷവും ഒൻപത് വീതം സീറ്റുകളിൽ മത്സരിക്കും. ആകെ 22 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. മറ്റ് നാല് സീറ്റുകൾ സിപിഐക്കാണ്. മുന്നണിയിലെ മറ്റ് ഘടകകക്ഷികളിൽ നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്ന എൻസിപിക്കും ജനതാദളിനും സീറ്റ് ലഭിച്ചില്ല.

ജില്ലാ പഞ്ചായത്തിൽ നാല് സീറ്റ് വേണമെന്ന നിലപാടിൽ സിപിഐ ഉറച്ചുനിന്നു. ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ സിപിഐയുടെ ആവശ്യം സിപിഎം അംഗീകരിച്ചു. ആകെ 22 സീറ്റുള്ള കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണയോടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതേസമയം പാലാ നഗരസഭയിലേക്കുള്ള സീറ്റ് ചർച്ചകൾ പൂർണമായില്ല. ഏഴ് സീറ്റ് വേണമെന്നാണ് സിപിഐയുടെ ആവശ്യം. ജോസ് കെ മാണി പക്ഷം 17 സീറ്റിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആകെ 26 വാർഡുകളാണ് പാലായിൽ ഉള്ളത്.