കോട്ടയം: ഇടതുമുന്നണി പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് ജോസ് കെ മാണി. സ്വാധീനമുള്ള പാർട്ടി എന്ന നിലയിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വരാനിരിക്കുന്ന തദ്ദേശസ്വയ ഭരണതെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യങ്ങളിൽ ഇടത് മുന്നണിയുമായി രണ്ട് ദിവസത്തിനുള്ളിൽ നേരിട്ട് ചർച്ച നടത്തുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ഇടതുമുന്നണി പ്രവേശനത്തെയും നിലപാടിനെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ട്.  മറ്റ് കേരള കോൺഗ്രസുകളുമായുള്ള ലയനത്തെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ജോസ് ജെ മാണി കൂട്ടിച്ചേർത്തു. അതേ സമയം ജോസിന്റെ ഇടതു പ്രവേശനം സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടികാഴ്ച നടത്തും.  
വൈകീട്ട് 3 ന് ചർച്ച . 21 ന് സിപിഐ എക്സിക്യൂട്ടീവും ചേരുന്നുണ്ട്. ജോസ് കെ മാണിയുടെ മുന്നണി  പ്രവേശനം സംബന്ധിച്ച് സിപിഐ എക്സിക്യൂട്ടീവും ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.