Asianet News MalayalamAsianet News Malayalam

കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു

ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു സിഎഫ് തോമസ് . തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം

kerala congress mla cf thomas passed away
Author
Kottayam, First Published Sep 27, 2020, 10:30 AM IST

കോട്ടയം: കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം . കേരളാ കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്നു സിഎഫ് തോമസ് . 81 വയസ്സുണ്ട്. 

1980 മുതൽ ചങ്ങനാശ്ശേരി എംഎൽഎയാണ് സിഎഫ് തോമസ്. തുടര്‍ച്ചയായി  ഒമ്പത് തവണയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് സിഎഫ് തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളിൽ കക്ഷി ചേരാത്ത ജന പ്രതിനിധി എന്നിങ്ങനെയാണ് കേരള രാഷ്ട്രീയത്തിൽ സിഎഫ് തോമസിന്‍റെ സ്ഥാനം. 2001 - 2006 കാലഘട്ടത്തിൽ ഗ്രാമവികസന മന്ത്രിയുമായിരുന്നു സിഎഫ് തോമസ്. 

കേരള കോൺഗ്രസ് ചെയർമാൻ ഡെപ്യൂട്ടി ചെയർമാൻ ജനറൽ സെക്രട്ടറി എന്നി പദവികൾ വഹിച്ചു. കേരളാ കോൺഗ്രസിൽ കെഎം മാണിക്ക് ശേഷം രണ്ടാമത്തെ നേതാവ് എന്ന സ്ഥാനം എന്നും സിഎഫ് തോമസിന് ഉണ്ടായിരുന്നു. കെഎം മാണിയുടെ മരണ ശേഷം പിജെ ജോസഫ് പക്ഷത്തിനൊപ്പമെന്നായിരുന്നു സിഎഫ് തോമസിന്‍റെ നിലപാട്

അടിമുടി ചങ്ങനാശ്ശേരിക്കാരനാണ് സിഎഫ് തോമസ്. വിദ്യാ‍ർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയ സിഎഫ് തോമസ് ട്രേഡ് യൂണിയൻ പ്രവ‍ർത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോൺ​ഗ്രസിന്‍റെ സജീവപ്രവ‍ർത്തകനായിരുന്നു . പിന്നീട് കേരള കോൺ​ഗ്രസ് രൂപീകരിച്ചപ്പോൾ പാ‍ർട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെ‌ട്ടു.അതിന് ശേഷം കേരള കോൺ​ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി.

കേരള കോൺ​ഗ്രസ് എമ്മിന്‍റെ ജനറൽ സെക്രട്ടറിയായും ഇടക്കാലത്ത് ചെയർമാനായും പ്രവ‍ർത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയിൽ ​ഗ്രാമവികസനം, രജിസ്ട്രേഷൻ, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.  1980, 1982, 1987, 1991, 1996, 2001, 2006 വ‍ർഷങ്ങളിൽ ചങ്ങനാശ്ശേരിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞമ്മയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്

Follow Us:
Download App:
  • android
  • ios