കോട്ടയം: കേരള കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനത്തിന് പിന്തുണ തേടി പി ജെ ജോസഫ് വിഭാഗവും ഒപ്പ് ശേഖരണം തുടങ്ങി. നാളെ നിയസഭാ സമ്മേളനം തുടങ്ങാനിരിക്കെ തല്‍ക്കാലം ജോസഫ് പാലർലമെന്ററി പാർട്ടി നേതാവാക്കും. പുതിയ ചെയർമാനെയും കക്ഷി നേതാവിനെയും ഒരുമിച്ചായിരിക്കും തീരുമാനിക്കുക.

കോട്ടയത്തെ ജയത്തിന് ശേഷം പാർട്ടിക്കുള്ളിൽ ജോസ് കെ മാണി കരുത്തനായ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റ നീക്കം. പി ജെ ജോസഫിനെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജോസഫിനൊപ്പമുള്ളവരുടെ ഒപ്പ് ശേഖരണമാണ് ആദ്യം നടക്കുന്നത്. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന് മാണി വിഭാഗത്തിന്‍റെ ആവശ്യം അംഗീകരിക്കാൻ ജോസഫ് തയ്യാറായിട്ടില്ല. സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റ ആവശ്യം. 

എന്നാൽ ചെയർമാൻ ഉൾപ്പടെ നാല് പ്രധാനസ്ഥാനങ്ങൾ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെട്ട് കഴിഞ്ഞു. ഇത് അംഗീകരിക്കുകയാണെങ്കിൽ പി ജെ ജോസഫിനെ കക്ഷി നേതാവാക്കാം.. വർക്കിംഗ് ചെയർമാന് ചെയർമാൻ്റെ തല്‍ക്കാലിക ചുമതലയുള്ളതിനാൽ അധികാരം ഇപ്പോൾ പി ജെ ജോസഫിനാണ്. അതിനാലാണ് ജോസ് കെ മാണി സമവായത്തിന്റ പാത തേടുന്നത്.

പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയ രണ്ട് ഘട്ടത്തിൽ റോഷി അഗസ്റ്റൻ കെ എന ജയരാജ് എന്നി എംഎൽഎമാരെക്കൊണ്ട് മാണി വിഭാഗം മറുപടി പറയിപ്പിച്ചു. സമവായമുണ്ടായില്ലെങ്കിൽ പിളരാമെന്നാണ് മാണി വിഭാഗത്തിന്റ നിലപാട്. എന്നാൽ പിളർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് ജോസഫ് വിഭാഗത്തിന്റ മറുപടി.