Asianet News MalayalamAsianet News Malayalam

കേരളാ കോൺ​ഗ്രസിലെ തർക്കം: ജോസഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാ​ഗം, കോൺ​ഗ്രസിനും വിമർശനം

അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ജോസഫ് വിഭാ​ഗത്തിന് കഴിയില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. വിഷയത്തിൽ കോൺ​ഗ്രസ് ഇപ്പോൾ കാണിക്കുന്ന താല്പര്യം പാലാ ഉപതെരഞ്ഞെടുപ്പിൽ കാണിച്ചിരുന്നെങ്കിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമായിരുന്നെന്നും ജോസ് കെ മാണി വിഭാ​ഗം അഭിപ്രായപ്പെടുന്നു.

kerala congress pj joseph jose k mani conflict continues kottayam district panchayath issue
Author
Kottayam, First Published Jun 5, 2020, 5:10 PM IST

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പി ജെ ജോസഫിന്റെ അന്ത്യശാസനം തള്ളി ജോസ് കെ മാണി വിഭാ​ഗം. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ജോസഫ് വിഭാ​ഗത്തിന് കഴിയില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. വിഷയത്തിൽ കോൺ​ഗ്രസ് ഇപ്പോൾ കാണിക്കുന്ന താല്പര്യം പാലാ ഉപതെരഞ്ഞെടുപ്പിൽ കാണിച്ചിരുന്നെങ്കിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമായിരുന്നെന്നും ജോസ് കെ മാണി വിഭാ​ഗം അഭിപ്രായപ്പെടുന്നു.

ആവശ്യത്തിന് അം​ഗങ്ങളില്ലാത്തതിനാൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ജോസഫ് വിഭാ​ഗത്തിന് കഴിയില്ലെന്നാണ് ജോസ് വിഭാ​ഗത്തിന്റെ വാദം. അവിശ്വാസ പ്രമേയ നോട്ടീസ് നൽകണമെങ്കിൽ മൂന്നിലൊന്ന് അം​ഗങ്ങളുടെ പിന്തുണ വേണം. കോട്ടയം ജില്ലാപഞ്ചായത്തിൽ അത് എട്ട് ആണ്. പി ജെ ജോസഫിന്റെ കൂടെയുള്ളത് രണ്ട് അം​ഗങ്ങൾ മാത്രമാണ്. മുന്നണി മാറ്റം സംബന്ധിച്ച് ഇടതു മുന്നണിയുമായി രഹസ്യചർച്ച നടത്തുന്ന ജോസഫിന്റെ കരുനീക്കങ്ങളിൽ കോൺഗ്രസ് വീഴില്ലെന്നും ജോസ് കെ മാണി പക്ഷം പ്രതീക്ഷിക്കുന്നു.

കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ട് നൽകണമെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. തർക്കം യുഡിഎഫിൽ ചർച്ച ചെയ്യാനും രാഷ്ട്രീയകാര്യസമിതിയോഗം തീരുമാനിച്ചിരുന്നു. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് നൽകണമെന്നായിരുന്നു ധാരണ. ഈ ധാരണ പാലിക്കണമെന്നാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ നിലപാട്. എന്നാൽ ധാരണയില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി.

തർക്കുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് യോഗത്തിലുയർന്ന വികാരം. ജോസ് കെ മാണിയും പിജെ ജോസഫും വിരുദ്ധനിലപാട് സ്വീകരിക്കുമ്പോഴും ഇരുവരെയും മുന്നണിയിൽ തന്നെ നിലനിർത്താനും ശ്രമിക്കും. തെര‍ഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ ഒരു വിഭാഗം യുഡിഎഫ് വിട്ട് പോയാൽ  മുന്നണിക്ക് ക്ഷീണാകും. അതിനാൽ യുഡിഎഫിലെ മറ്റ് കക്ഷികളെ കൂടി വിശ്വാസത്തിലെടുത്താകും തീരുമാനം.

പ്രശ്നപരിഹാരത്തിന് ഘടകക്ഷികളുമായി ചർച്ച ചെയ്യാൻ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡിനെക്കൂടി ഇടപെടുവിച്ച് ജോസ് കെ മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമവും നടത്തും. ഒരുമിച്ച് പോകുന്നതിന് ചില മധ്യസ്ഥരുടെ സഹായവും യുഡിഎഫ് തേടിയേക്കുമെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios