തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തപാൽ വോട്ടും പ്രോക്സി വോട്ടും അനുവദിക്കാൻ സാധ്യത. ഇക്കാര്യം ഇടതുമുന്നണി ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം. പ്രോക്സി വോട്ടിനെ രാഷ്ട്രീയപാർട്ടികൾ എതിർത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിക്കുന്ന സർവകക്ഷിയോഗത്തിന് ശേഷമായിരിക്കും ചർച്ച. 

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളൾക്ക് തപാൽവോട്ടോവും പ്രോക്സി വോട്ടും ഏർപ്പെടുത്തേണ്ടിവരുമന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വോട്ടെടുപ്പിന് തൊട്ടുതലേദിവസം രോഗം വരുന്നവർക്ക് തപാൽ വോട്ട് പ്രായോഗികമല്ല. അതിനാലാണ് രണ്ട് തരത്തിലുള്ള വോട്ടും അംഗീകരിക്കാൻ ആലോചിക്കുന്നത്. വോട്ടെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാൻ സൗകര്യം നൽകുന്ന രിതിയിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യാനാണ് നിയമവകുപ്പിന്റെ ആലോചന. 

എന്നാൽ പ്രോക്സി വോട്ടിനെതിരെ രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്ന സാഹചര്യത്തിൽ ഇടതുമുന്നണി വിശദമായി ചർച്ച ചെയ്യും. പ്രോക്സി വോട്ടിനെ സിപിഎമ്മും പൂർണ്ണമായും പിന്തുണക്കുന്നില്ല. ഒരു വോട്ട് പോലും നിർണ്ണായകമാകുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ പ്രോക്സിവോട്ട് വലിയ തർക്കങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. അതിനാൽ മുന്നണിയിലെ ഘടകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമതീരുമാനം.