Asianet News MalayalamAsianet News Malayalam

ആശങ്കയായി കൊവിഡ് മരണസംഖ്യ; ആകെ മരണം 7,000 കടന്നു, ഇന്ന് 176 പേർ മരിച്ചു, പുതിയ രോഗികൾ 28,514, രോഗമുക്തി 45,400

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെ നടത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു

kerala covid 19 updates 22 may 2021 corona virus
Author
Thiruvananthapuram, First Published May 22, 2021, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 28514 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 126028 പരിശോധന നടന്നു. 176 മരണം. ആകെ ചികിത്സയിലുള്ളത്. 289283 പേരാണ്.  45400 പേരാണ് ഇന്ന് രോഗമുക്തരായത്. എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെ നടത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ 

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെ നടത്താനും തീരുമാനിച്ചു. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ  നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സീനേറ്റ് ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഇക്കാര്യം കൂട്ടായി ആലോചിക്കും. പിഎസ്‌സി അഡ്വൈസ് കാത്തിരിക്കുന്നവർക്ക് ഓൺലൈനായി നൽകുന്ന കാര്യം പിഎസ്സിയുമായി ചർച്ച ചെയ്യും. 

ബ്ലാക്ക് ഫംഗസിന്റെ കാര്യത്തിൽ മെഡിക്കൽ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പാക്കും. പാർശ്വഫലം ഇല്ലാത്ത മരുന്ന് വില കൂടിയതാണെങ്കിലും നൽകാൻ നിർദ്ദേശം നൽകി. ആദിവാസി ഊരുകളിൽ രോഗം പടരുന്നു. അവിടെ പരിശോധന നടത്തി രോഗികളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകി. 

വാക്സീനേറ്റ് ചെയ്യേണ്ടവർക്ക് മുൻഗണനാ ക്രമത്തിൽ വാക്സീൻ നൽകും. വൃദ്ധസദനങ്ങൾ ചിലതിൽ വിവിധ രോഗങ്ങളുള്ളവർ കാണും. അത് കൃത്യമായി പരിശോധിക്കും. അപൂർവം ചിലയിടത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാ വയോജന കേന്ദ്രങ്ങളും സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥർ പരിശോധിക്കും. വേണ്ട നടപടികൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് അതിന് ക്രമീകരണം ഉണ്ടാക്കും. ചില മത്സ്യ-പച്ചക്കറി മാർക്കറ്റുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രതികൂലമാകുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യമുണ്ട്. ഇത് പരിശോധിച്ച് നിയന്ത്രണവിധേയമാക്കാൻ നിർദ്ദേശം നൽകി.

സാർവദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചർച്ച ഉയർന്ന് വന്നിട്ടുണ്ട്. വാക്സീൻ അതിജീവിക്കാൻ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സീൻ എടുത്തവർക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാൽ ഇത്തരമാളുകളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണം. വാക്സീൻ എടുത്തവർക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗമുള്ളത് കൊണ്ടാണ്. അതുകൊണ്ട് എല്ലാവരും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കണം.

അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലർത്തണം. കൊവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാൽ അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വർധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിർണായകമാണ്.

ഈ ഘട്ടത്തെ നേരിടാൻ വേണ്ട എല്ലാ കരുതലും മുഴുവൻ ജില്ലാ ആശുപത്രികളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ഉറപ്പാക്കണം. പ്രാഥമികമായ കടമ ജീവൻ സംരക്ഷിക്കലാണ്. ഈ തരംഗം പുതിയ പാഠങ്ങൾ പഠിപ്പിച്ചു. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയർത്താം എന്നൊക്കെ മനസിലായി. ആരോഗ്യ സംവിധാനങ്ങൾ എങ്ങിനെ തയ്യാറെടുക്കണം, സർക്കാർ സംവിധാനങ്ങൾ എങ്ങിനെ വിന്യസിക്കണം, സാമൂഹ്യ ജാഗ്രതയുടെ പ്രായോഗിക വത്കരണം തുടങ്ങിയ കാര്യങ്ങളിൽ പുതിയ ഉൾക്കാഴ്ചയും പുതിയ കൊവിഡ് തരംഗം നൽകുന്നുണ്ട്. 

മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തിൽ പിടിച്ചുനിർത്താൻ സഹായിച്ചത്. സർക്കാരിനൊപ്പം നിന്ന ജനത്തെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചുനാളുകൾ കൂടെ ഇതേപോലെ കർശനമായ രീതിയിൽ തുടരണം. അതിന് എല്ലാവരുടെയും സഹകരണം വേണം. 

ബ്ലാക്ക് ഫംഗസ് എന്ന രോഗവുമായി ബന്ധപ്പെട്ട് അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. അവയ്ക്ക് അടിസ്ഥാനമില്ല. ഈ രോഗം അപൂർവമായ രോഗാവസ്ഥയാണ്. വളരെ ചുരുക്കം ആളുകളിൽ മാത്രമാണ് രോഗം ബാധിക്കുന്നത്. കാറ്റഗറി സി വിഭാഗത്തിലെ രോഗികളുടെ എണ്ണം കൂടുതലായതിനാൽ ബ്ലാക് ഫംഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കും. ഗുരുതര പ്രമേഹ രോഗികളിലാണ് രോഗം കൂടുതൽ. അവർക്കുള്ള ചികിത്സാ മാനദണ്ഡം ആശുപത്രികൾക്ക് നൽകി. പ്രമേഹം നിയന്ത്രണ വിധേയമാക്കാനുള്ള പ്രത്യേക ശ്രദ്ധ രോഗികളിൽ നിന്ന് ഉണ്ടാകണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന മലപ്പുറത്ത് നിയന്ത്രണം കർശനമാക്കും.

മലപ്പുറത്തിനായി ആക്ഷൻ പ്ലാൻ നടപ്പിലാക്കും.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവിടെ 75000 പരിശോധന നടത്തും. കൂടുതൽ പൊലീസുകാരെ ജില്ലയിൽ നിയമിക്കും. നിലവിലെ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലാ ഭരണ സംവിധാനത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കർശനമായ പരിശോധന നടക്കുന്നുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപി, ഉത്തരമേഖലാ ഐജി എന്നിവർ മലപ്പുറത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം,തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു. മലപ്പുറത്ത് ഒഴികെ മറ്റെല്ലായിടത്തും ലോക്ഡൗൺ നിലവിലുണ്ട്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിൽ മുൻഗണനാ വിഭാഗത്തിൽ പെട്ടവരുടെ വാക്സീനേഷൻ തുടങ്ങി. ആദ്യ ദിവസം കെഎസ്ആർടിസി വിഭാഗം ജീവനക്കാർക്ക് വാക്സീൻ നൽകി. മറ്റുള്ളവർക്ക് വരും ദിവസങ്ങളിൽ വാക്സീൻ നൽകും. 

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾ മരുന്ന് കഴിക്കുന്നത് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരിക്കണം. സ്വയം ചികിത്സയ്ക്കോ, വ്യാജ ചികിത്സകരുടെ ചികിത്സയോ ആശ്രയിക്കരുത്. പ്രമേഹ രോഗികളും മറ്റ് രോഗമുള്ളവരും ഇത് കർശനമായി പാലിക്കണം. മൺസൂൺ ഉടൻ ആരംഭിക്കും. കഴിഞ്ഞ വർഷങ്ങളിലെ അനുഭവം വളരെ കരുതലോടെ ഈ കാലത്ത് നേരിടണം. കൊവിഡ് വ്യാപനം കൂടി നിലനിൽക്കുന്ന കാലമായതിനാൽ വെല്ലുവിളി ശക്തമാണ്. ഈ സാഹചര്യത്തെ മുൻകൂട്ടി കണ്ട് ആരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകി. ഒന്നാം തല, രണ്ടാം തല കൊവിഡ് ചികിത്സാ കേന്ദ്രങ്ങളടക്കം കൊവിഡ് നേരിടാൻ മാത്രമായി ഉണ്ടാക്കിയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ മഴ മൂലം ഉണ്ടാകാവുന്ന ദുരന്തങ്ങൾ ബാധിച്ചേക്കും. ക്യാംപുകളിൽ ആൾക്കൂട്ടം ഉണ്ടാകാനും സാധ്യതയുണ്ട്. കൊവിഡ് രോഗികളുമായി ഇടകലരാനുള്ള സാഹചര്യവും ഉണ്ടാകും.

പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ വലിയ അത്യാഹിതങ്ങളെ നേരിടാനുള്ള മാനദണ്ഡം നടപ്പിലാക്കും. ഇതിനാവശ്യമായ പരിശീലനം ഉറപ്പാക്കും. ആശുപത്രികളുടെ കാര്യക്ഷമതാ പരിധിക്ക് മുകളിലോട്ട് രോഗികളുടെ എണ്ണം വർധിച്ചാൽ കൈകാര്യം ചെയ്യാനാവശ്യമായ പദ്ധതികൾ തയ്യാറാക്കും. ഇതിന് പരിശീലനം നൽകും. അത്യാവശ്യ ഘട്ടങ്ങളോട് പ്രതികരിക്കാൻ സഹായകരമായ പ്ലാനും തയ്യാറാക്കി പരിശീലനം നൽകും. ഇത്തരം ഘട്ടങ്ങളിൽ ഏകോപനം ഉറപ്പാക്കാൻ ആശയ വിനിമയ സംവിധാനവും ഒരുക്കും. 

ഡയാലിസിസ്, ക്യാൻസർ, അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവരടക്കം ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതര രോഗികളുടെ ലിസ്റ്റ് തയ്യാറാക്കും. അത്യാവശ്യ ഘട്ടത്തിൽ ചികിത്സ മുടങ്ങാതിരിക്കാനാണിത്. ഇത്തരക്കാർ മെഡിക്കൽ രേഖകൾ കൈയ്യിൽ സൂക്ഷിക്കണം. അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സൂക്ഷിക്കണം. ഇവർക്ക് ആശുപത്രികളിൽ നിന്ന് ഒരു മാസത്തേക്ക് മരുന്ന് നൽകണം. രണ്ടാഴ്ചത്തേക്കുള്ള മരുന്നിന്റെ സ്റ്റോക്ക് കൂടുതലായി ആശുപത്രികൾ കരുതണം.20 വീടിന് ഒരാളെന്ന നിലയിൽ സന്നദ്ധ സേനകളെ ശക്തമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. പ്രാഥമിക ചികിത്സ നൽകാനുള്ള പരിശീലനവും കിറ്റും ഇവർക്ക് നൽകണം. ആശയവിനിമയ നിർദ്ദേശവും നൽകണം.

 

Follow Us:
Download App:
  • android
  • ios