Asianet News MalayalamAsianet News Malayalam

Kerala Covid : അതിതീവ്ര വ്യാപനം; സര്‍ക്കാര്‍ ആശുപത്രികൾ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു, പ്രതിസന്ധി രൂക്ഷം

കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കല്‍‍ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞു.

kerala covid spread government hospitals are filling up with covid patients
Author
Thiruvananthapuram, First Published Jan 24, 2022, 11:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിത്സ പ്രതിസന്ധിയും രൂക്ഷമാക്കുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കല്‍‍ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയാണ്. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പകുതിയിൽ അധികം കിടക്കകളും കൊവിഡ് രോ​ഗികളെ കൊണ്ട് നിറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലും കിടക്കകൾ നിറഞ്ഞു. ആകെ ഉള്ള 25 ഐസിയു ബെഡുകളും, 226 കൊവിഡ് കിടക്കകകളും നിറഞ്ഞു. കൂടുതൽ രോഗികൾ ഡിസ്ചാർജ് ആയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനവും രൂക്ഷമാണ്. 100ൽ അധികം നഴ്സുമാർക്കും 30 ഡോക്ടർമാർക്കും ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ഐസിയു ബെഡുകൾ സജ്ജമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 18 ബെഡുകൾ ഉള്ള ഐസിയു ഒരുക്കും. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിവരങ്ങൾ എത്രയും വേഗം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദേശം നൽകിയത്. ജില്ലയിലെ ചുരുക്കം ചില ആശുപത്രികളാണ് ഇതുവരെ കിടക്കളുടെ വിവരം അറിയിച്ചത്.

ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം ജില്ലയിൽ സർക്കാർ ആശുപത്രികളിൽ പകുതിയിൽ അധികം കിടക്കകളും നിറഞ്ഞു. കൂടുതൽ ഐസിയു ബെഡുകൾ സജ്ജമാക്കി പ്രതിസന്ധി മറികടക്കാനാണ് ശ്രമം. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറയുന്നത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രി മേഖലയിൽ നിലവിൽ പ്രതിസന്ധിയില്ല.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 240 കിടക്കകൾ ഉള്ളത്തിൽ ഒന്നും ഒഴിവില്ല. മെഡിക്കല്‍ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 54 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരുടെ കുറവും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കോക്ടെയിൽ കുത്തിവെപ്പ് മരുന്നിനും ക്ഷാമവും നേരിടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അറുപത് കിടക്കകളിൽ പത്ത് എണ്ണം മാത്രമാണ് ഒഴിവുള്ളത്. സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും കൊവിഡ് രോ​ഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ആലപ്പുഴ മെഡിക്കല്‍‍ കോളേജിലെ കൊവി‍ഡ് ചികിത്സാ വിഭാഗം ഏതാണ്ട് നിറഞ്ഞു. ഐസിയു ബെഡുകളിലും ഇനി കുറച്ചു മാത്രമാണ് ഒഴിവുള്ളത്. ജില്ലയിൽ മറ്റ് സർക്കാർ ആശുപത്രികളിൽ അടക്കം ചികിത്സ സൗകര്യം ഒരുക്കി ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് അധികൃതർ  അറിയിച്ചു. നാല് ദിവസത്തിനിടെ 150ലധികം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി, ശിശു രോഗ വിഭാഗം എന്നിവ അടയ്ക്കാൻ ആലോചന നടക്കുകയാണ്.

പാലക്കാട് ജില്ലയിലെ കൊവിഡ് ബെഡുകളും ഏതാണ്ട് നിറഞ്ഞു. കിൻഫ്രയിൽ കൂടുതൽ ബെഡുകൾ ഒരുക്കി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജില്ലാ ആശുപത്രിയിലെ 75 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. വയനാട് ജില്ലയിൽ ആകെയുള്ള കൊവിഡ് ബെഡുകളിൽ 30 ശതമാനം നിറഞ്ഞു. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ നിലവിൽ പ്രതിസന്ധിയില്ല.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 45,449 പേർക്കാണ് രോഗം ബാധിച്ചത്.  44.88 ആണ് ടിപിആർ. പ്രതിദിന വർധനവിൽ തിരുവനന്തപുരത്തെ മറികടന്ന് എറണാകുളം കുതിപ്പ് തുടരുകയാണ്. ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം കുറയുന്നതാണ് ഏക ആശ്വാസം. ഓക്സിജൻ കിടക്കകളിൽ രോഗികൾ 101 % വർധിച്ചു. ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ഓൺലൈനായി സംബന്ധിക്കും.

Follow Us:
Download App:
  • android
  • ios